സിംഹപ്രതാപം ബലപ്പെട്ട പല്ല്
മെലിവും തൊഴുത്തുമില്ലാത്ത ഗജമദപ്പെരുമ
മടയിറങ്ങിയും മുരളും പുലിനഖകൂര്‍മ
പുതപ്പിട്ടിരുളില്‍ പതുങ്ങും കരടിക്കറുപ്പ്.
വാലാല്‍ കുരുക്കും വഷളനിളികള്‍, 
കണ്‍ദൈന്യമിറ്റി ചിതറുന്ന ഭീതികള്‍, 
ഓരിയിട്ടാര്‍ക്കും സൂത്രത്തരങ്ങള്‍, 
ചതിച്ചോരനക്കുന്ന ആര്‍ത്തികള്‍.

പൊടുന്നനെ ചാടുന്നതേതെന്നറിയാതെ
ഇരുളില്‍ വിളറിയാന്തും ഇളം നിലാചീന്ത്

മനസ്സിന്റെ പച്ചിലക്കാട് നീക്കി 
അകപ്പെട്ട തെറ്റില്‍
ചെകിട്ടത്തടിച്ചു ചിവീടിന്‍ തുളക്കല്‍.
വായ് പൊത്തി
കണ്‍പൊത്തി നരിച്ചീര്‍ കരിശ്ശീല.

അജ്ഞാതവാസമായ് കാന്താരതാരകം.

Content Highlights :manaparvam poem by prasad kakkassery