തൂലികയാല്‍
വീട്
വരയുക.
പൂമുഖത്തൊരു
ചാരുകസേര കാണാം;
കാണില്ല, അടുക്കളമുറ്റത്തെ
അമ്മിക്കല്ല്.
മൂലയില്‍ ചാരിയ അരിവാളില്‍ തലോടുക.
അന്നം കൊയ്‌തെടുത്ത കൂന് കാണാം;
കാണില്ലതിന്റെ മൂര്‍ച്ചയൊന്നും.
തേന്മാവിന്‍ ചുവട്ടിലെ ചൂല്‍ പരതുക.
കൂട്ടിക്കെട്ടിയകാലുകള്‍ കാണാം;
കാണില്ലതിന്റെ വൃത്തിയായ മുഖം.
തൂലികയാല്‍ വെറുതെ
താലിച്ചരട്
വരയുക.
ഉത്ക്കണ്ഠയാല്‍ വരച്ച ലക്ഷ്മണരേഖ കാണാം;
കാണില്ലൊരു ബന്ധത്തില്‍ കെട്ടുറപ്പും.
അവളുടെ നെറുകയില്‍ തലോടുക.
തന്റേത് മാത്രമെന്നറിയിക്കാന്‍ ചാര്‍ത്തിയ ചുവപ്പടയാളം കാണാം;
കാണില്ലൊരു സ്‌നേഹച്ചോപ്പും.
അവളുടെ
പേര് പരതുക.
പൊതുമുതലല്ലെന്ന് പേരിനോടൊപ്പം ചേര്‍ത്തുവെച്ച
വാലു കാണാം;
കാണില്ലവളുടെ ഒറ്റയാള്‍ നില്പ്.
വീട്
പരതുക.
അവള്‍ക്കായി പതിച്ചുനല്‍കിയ അടുക്കള കാണാം;
കാണില്ലവളുടെ
സ്വപ്നമുറി.
തൂലികയാല്‍ വീണ്ടും വീണ്ടും അരിവാളില്‍രാകുക.
നൂറ്റൊന്ന് ദുര്‍ഗ്ഗാലയങ്ങള്‍ കാണാം;
കാണില്ലൊരു ചെറുമിയേയും!
Content Highlights: Malayalam Poem veedu By Praveen Pisharody