നിറവയറുണ്ണാനുഴലുന്ന കാലത്തി
നറിയുമോ അരവയറെരിയുന്നകോലം
ഉദരം വിശന്നൂ കരയുന്ന മുറ്റത്ത്
ഒരു പിടി വറ്റാണ് സ്വര്‍ഗ്ഗമുണ്ണീ
നിധിതേടി അലയുന്ന ലഹരിയില്ലവിടേ
നിറമേഴുമൊഴുകുന്ന സ്വപ്നമില്ലവിടേ
നേട്ടവും നഷ്ടവും കൂട്ടിക്കിഴിക്കുന്ന
ശിഷ്ടങ്ങളില്ലാ വിശപ്പു മാത്രം
നാളേക്കുവേണ്ടീ നുണച്ചൂറ്റിനെട്ടോട്ട-
മോടിതളര്‍ന്നതല്ലാ തളര്‍ച്ചാ
പൂക്കാന്‍ പൊഴിയുന്ന പൂമരച്ചില്ലകള്‍
വിളറിച്ചിരിച്ചതല്ലാ വരള്‍ച്ചാ
വാടിത്തളരുന്ന താളുപോലമ്മോ
വാര്‍ന്ന് പോവും മര്‍ത്ത്യശൗര്യങ്ങളൊക്കേ
ചോര്‍ന്നൂനരക്കും വിശപ്പിന്റെ ലോകത്ത്
ചാരമായ് മാറുന്നു സ്വപ്നങ്ങളൊക്കെ
പത്തായ മൂട്ടിയോര്‍ക്കത്താഴമുണ്ടെന്ന
പഴമൊഴിപോലും പഴുത്തുനാറും
ചിറകറ്റ് മാനവും തിരയറ്റ് നീതിയും
ചുറ്റും വിശപ്പില്‍ മരിച്ചുനീറും
നാളമറ്റുഴലുമാ നാളടുത്താലമ്മ
അമ്മിഞ്ഞപോലും കുടിച്ചുതീര്‍ക്കും
വാടിത്തളരുമാ കുഞ്ഞിളം മേനിയെ
ഭക്ഷണമാക്കീ വിശപ്പൊതുക്കും
വാവിട്ടുകരയുന്ന കാലത്തിന്‍ വായയില്‍
ഒരുപിടീ മണ്ണിട്ടുകാലനോടും
വീര്‍ത്തൂമുഴുത്താനിറവയറൊക്കെയും
വാര്‍ന്നൊട്ടി അമ്മോ കരിഞ്ഞുപോവും
Content Highlights: Malayalam Poem Varuthi Fiction