തുഴ നഷ്ടപ്പെട്ട് നടുക്കടലിൽ ഒരിക്കൽ വട്ടംകറങ്ങി.
നിയന്ത്രണം വിട്ട്, അന്തംവിട്ട്, വട്ടംകറങ്ങി.
ഇടയ്ക്ക് മഴ വന്നു, കാറ്റടിച്ചു, തോണി ആടിയുലഞ്ഞു.

കൊമ്പൻ സ്രാവുകളെ ജീവനോടെ കാണുന്നത് അന്നാണ്.
ഞാനൊരു ഇരയാണെന്ന ബോധമുണ്ടായതും.
കടലിന്റെ ഹൃദയത്തിൽ വെച്ച് തൊള്ള കീറിക്കരഞ്ഞു.

ആര് കേൾക്കാൻ!

നിസ്സഹായതയിൽ കിടന്ന് കാറുന്നത് ഒരാശ്വാസമാണ്.
രക്ഷിക്കാൻ ആരുമില്ലെന്ന ഉറപ്പിനൊടുവിലെ ധൈര്യം.
ഏതു കടലും ശാന്തമാകും.
ഏതു തോണിയും കരയ്ക്കെത്തും.

എത്തിയാൽ കരയോട്പറയേണ്ടത്
ജീവിതത്തിലൊരിക്കലെങ്കിലും തുഴ വലിച്ചെറിഞ്ഞ്
കടലിൽ പോകണം.
സത്യത്തിൽ തുഴ എത്ര ബോറാണ്!

Content Highlights: Malayalam Poem Thuzha written by V Balu