തീ തിന്ന് 
ജീവിത
പാളത്തിലൂടെയാണ്
നിത്യവും ട്രെയിന്‍
കൂകിപ്പായുന്നത്.

നോവും 
വ്യഥയുമാണതിന്‍
ഇന്ധനം.
ഓരോ 
നെടുവീര്‍പ്പുകളും
കറുത്ത ദൂമങ്ങളായ്
പറന്നകലുന്നത്
ഭൂതകാല വ്യര്‍ത്ഥ
കര്‍മ്മങ്ങളിലേക്കാണ്.

ഓരോ 
സ്റ്റേഷനില്‍ നിന്നും
മരുപ്പച്ച 
സ്വപ്നം കണ്ടാണ്
ചീറിപ്പായാനതിന്
ഊര്‍ജ്ജം ലഭിക്കുന്നത്.

നിനച്ച 
ദിക്കിലെത്തുമ്പോള്‍
ഗ്രഹിക്കുന്നു
ഓടിയതത്രയും
വൃഥാ വേലയായെന്ന്.
സ്വപ്നം നിറച്ച 
ബോഗികള്‍
കൊളുത്തി വലിച്ച്
പാളം തെറ്റാതെ
തിരിച്ചോടുകയല്ലാതെ
വേറെ മാര്‍ഗ്ഗമില്ലെന്ന്
തിരിച്ചറിയുമ്പോള്‍
പിന്നേയും
ഒരിക്കല്‍ കണ്ട
ദൂരമത്രയും വെറുതേ
കുതിച്ചും കിതച്ചും
ഓടിത്തീര്‍ക്കുകയാണ്
ഓരോ തീവണ്ടിയും.

Content Highlights: Malayalam poem Theevandi