ഹൃദയത്തിൽ അത്രമേൽ നിഗൂഢമായ്
പ്രണയഖനികളെ
ഒളിപ്പിച്ചിരിക്കുന്നൊരു-
വളിലേയ്ക്ക് മുൻവിധികളില്ലാതെ
നീ കടന്നു ചെല്ലരുത്...
കിനാവുകളുടെ മുന്തിരിവള്ളികളാൽ
ചക്രവാളങ്ങളെ പോലും
പ്രണയത്താൽ
ബന്ധിക്കുന്നൊരുവളുടെ
പരശ്ശതം
അർത്ഥങ്ങളുറങ്ങുന്ന
നിശ്ശബ്ദതകളിലേയ്ക്ക്
നീ ഒളിഞ്ഞു നോക്കരുത്...
സൂര്യനും ചന്ദ്രനും
നക്ഷത്രങ്ങൾക്കും
മിന്നാമിന്നികൾക്കും
ഹൃദയ ജാലകങ്ങൾ
തുറന്നിട്ട്
കൊടുക്കുന്നൊരുവളോട്
കവിതയുടെ ഉൾക്കയങ്ങളിൽ
ഉന്മാദം പൂണ്ടലയുന്നവളോട്
നീ ചങ്ങാത്തം കൂടരുത്.
ഈറൻനിലാവിനെ
പുടവ ചുറ്റുന്നൊരുവളോട്...
രാക്കാറ്റിനോടും
രാമുല്ലയോടും കിന്നാരം
പറയുന്നൊരുവളോട്...
കടലാഴങ്ങളിലെ
മീനുകൾക്കൊപ്പം
ഒരിക്കലെങ്കിലും ആകാശം
ചുംബിക്കാൻ മോഹിക്കുന്നൊരുവളോട്
ശലഭച്ചിറകുകളെ പ്രണയിക്കുന്നവളോട്
ഇഷ്ടം തോന്നുകയേ അരുത്
വാക്കുകളാൽ കടൽ വരയ്ക്കുന്നവളോട്...
മിഴികളാൽ വസന്തത്തെ
ക്ഷണിക്കുന്നവളോട് അധരങ്ങളിൽ
വാചാല മോഹങ്ങളെ ഒളിപ്പിച്ചവളോട്
ഒരൊറ്റ ചുംബനത്താൽ ഹൃദയത്തിന്റെ
തരിശിടങ്ങളിൽ പോലും
പ്രണയത്തിന്റെ കൊടുങ്കാറ്റുകളെ
ജനിപ്പിക്കാൻ കഴിയുന്നൊരുവളോട്
മിഴികൾ
കൊരുക്കുകയേ ചെയ്യരുത്.
അക്ഷരങ്ങളെ പ്രണയിക്കുന്നവളോട്
മിഴികളിൽ മഴവില്ല്
സൂക്ഷിക്കുന്നവളോട്
മരണത്തിൽ പോലും
ആത്മാവിനെ
എരിയിക്കുന്ന പ്രണയത്താൽ
നിന്നെ ആശ്ലേഷിക്കാൻ
കഴിയുന്നൊരുവളോട്
നിന്റെ സ്വപ്നങ്ങൾക്ക്
ലഹരി പകർന്ന്
സിരകളിൽ
നീയായ് നിറയാൻ
കഴിയുന്നൊരുവളിലേയ്ക്ക്
നീ ഒരിക്കലും
പ്രണയം തേടി ചെല്ലരുത്.
വെയിൽശാഖികളിൽ
പകൽ കിനാവുകളെ
കൊരുക്കുന്നവളോട്..
സിരകളിൽ പോലും
പ്രണയം കവിതയായ്
പൂക്കുന്നൊരുവളോട്
ആത്മാവിൽ
ചൈത്രനിലാവായ്
പടർന്നിറങ്ങാൻ കഴിയുന്നൊരുവളോട്
നീ... ഹൃദയം വെച്ചു
മാറുകയേ ചെയ്യരുത്,
പ്രണയത്തിന്റെ
തീഷ്ണതകളിൽ
ഉള്ള് പൊള്ളി
മൗനത്തിൽ
അടയിരിക്കുന്നൊരുവളുടെ
ഹൃദയത്തോട് താണ്ടിയ
പ്രണയ ദൂരങ്ങളും
ബാക്കി വെച്ച
നിഴലടയാളങ്ങളും
നീ ഒരിക്കലും തിരക്കരുത്
കാരണങ്ങളില്ലാതെ
നിന്നോട്
കലഹിക്കുന്നവളോട്
സ്നേഹത്തിനായ് പരാതി
പറയുന്നവളോട്
വിരഹത്തിൽ പിടഞ്ഞ്
ഇണങ്ങാനായ്
നിന്നോട് കാത്തിരിക്കുന്നവളോട്
ഒരിക്കലും പരിചയം പോലും
ഭാവിക്കുകയേ ചെയ്യരുത്,
പ്രണയപ്രവാചകയായ
അത്തരം ഒരുവളെ
നിനക്കൊരിക്കലും
പൂർണ്ണമായി ഹൃദയത്തിലേയ്ക്ക്
ആവാഹിക്കാൻ കഴിയുകയേയില്ല..
കാരണം
സ്വപ്നങ്ങളുടെ ഭാഷയും
പ്രണയത്തിന്റെ ആഴവും
ഹൃദയത്തിന്റെ തേരോട്ടവും
മനസ്സിന്റെ കാണാപ്പുറങ്ങളും
അവളോളം
അറിഞ്ഞവർ ആരുള്ളൂ?
('തീമരത്തണൽ' യുവസാഹിത്യകൂട്ടായ്മയിലെ അംഗമാണ് ജയമോൾ വർഗീസ്)
Content Highlights: Malayalam Poem, Pranayakhanikal Olippichaval, written by Jayamol Varghese