രു ജീവച്ഛവത്തെ
റോഡരികിലേക്കു മാറ്റിക്കിടത്തിയിട്ടവർകൈ കാണിച്ചപ്പോൾ
വണ്ടിയൊന്നു നിർത്താമായിരുന്നു.

ഞാനായിപ്പോയി.

അനുനിമിഷം വലുതാകുന്ന
ആൾവിഴുങ്ങിക്ക്യൂവിൽ നിൽക്കുമ്പോൾ
'അയ്യോ മക്കളേ വണ്ടീടെ സമയം തെറ്റും' എന്നു കരഞ്ഞ വല്യമ്മയ്ക്ക്
ടിക്കറ്റെടുത്തു കൊടുക്കാമായിരുന്നു.

ഞാനായിപ്പോയി.

ഒരു കൈയിൽ ക്ലെയിം ആപ്ലിക്കേഷനും
മറുകയ്യിൽ ഭിന്നശേഷിയുള്ള കുട്ടിയുമായി
ഒന്നമ്പതിനു വന്ന സ്ത്രീയോട്
നിങ്ങളെന്തെങ്കിലും കഴിച്ചോ
എന്നു ചോദിക്കാമായിരുന്നു.

ഞാനായിപ്പോയി.

ഫോണിൽ പതിവായി വിളിച്ചു
വിശേഷം ചോദിക്കുന്ന സഹപ്രവർത്തകനോട്
ഭാര്യയുടെ കീമോയെപ്പറ്റി ചോദിക്കാമായിരുന്നു

ഞാനായിപ്പോയി.

ഫോണിനങ്ങേത്തലയ്ക്കൽ
മൗനത്തിന്റെയിടവേളകൾ കൂടുമ്പോൾ
'അമ്മയിങ്ങോട്ടു വന്നു താമസിക്കുന്നോ'
എന്നു ചോദിക്കാമായിരുന്നു.

ഞാനായിപ്പോയില്ലേ!

Content Highlights : Malayalam Poem Njanayippoyi Written by Suresh Narayanan