പുഴ,
വിലപറഞ്ഞ
മലയേയാണ്
ഒറ്റരാത്രികൊണ്ട്,
ഒരുരുള്‍
കടത്തികൊണ്ട് പോകുന്നത്

വിള്ളലുകള്‍
ഉടലിടങ്ങളില്‍
തൊടുമ്പോഴാണ്
ഒരുകുന്ന്
അടുത്തുള്ളൊരുവീടിന്റെ
മേല്‍ക്കൂരയിലേക്ക് ചാഞ്ഞ്
ആത്മഹത്യ ചെയ്യുന്നത്

രാത്രിയുടെ
അടിയാധാരം
മഴയും കാറ്റും
കൈയ്യാളുമ്പോഴാണ്
മരങ്ങള്‍
വേരോടെ പൊങ്ങി
ജീവിതങ്ങള്‍ക്ക് മേല്‍
കുടിയേറ്റം നടത്തുന്നത്

കിണറിലും
മണല്‍ഖനനം
അന്വേഷിക്കുമ്പോഴാണ്
ആ, കിണര്‍
ആ, വീടിനേയും
കെട്ടിപ്പിടിച്ച്
ഭൂമിക്കടി തിരയുന്നത്

അനര്‍ത്ഥങ്ങളുടെ കവിതയില്‍
ബിംബങ്ങള്‍
ഉല്‍ക്കകളാകുമ്പോഴാണ്
വരികള്‍ക്കിടയില്‍ നിന്നും
കവിയേയും
കാണാതാവുന്നത്

Content Highlights: Malayalam Poem Murippadukal by Justin Jebin