അതിര്‍ത്തിയില്‍ ശത്രുരഹസ്യം
മറച്ചുപിടിക്കുന്ന മതില്‍ പോലെ
മുന്നില്‍ നില്‍ക്കുന്നവന്റെ
ഉള്ള് മറച്ച് 
മുഖാവരണം
.........
മനസ് വിട്ട്
മുഖത്തോട്ടിറങ്ങി
വഴിമുട്ടി
വിയര്‍ത്തൊട്ടി വികാരങ്ങള്‍
.......
ഒറ്റ അച്ചില്‍വാര്‍ത്തെടുത്ത
ഒരായിരംമുഖങ്ങളില്‍
ചോരകിനിപ്പുപോലുമില്ലാതെ
വറ്റിയടര്‍ന്ന സൗഹൃദം
.......
മുഖത്തിന്റെ 
മറുപാതിയില്‍
തെളിയാത്ത അക്ഷരങ്ങളില്‍
പാതിവെന്ത്
ആരോ വിളിച്ചിറക്കി
വിട്ട പ്രണയം
......
നാട്ടുകവലയില്‍
പാതിപറഞ്ഞ്
പാതി കലങ്ങി
ളളള് ചോര്‍ന്ന് വര്‍ത്തമാനം
......
വീര്‍പ്പുമുട്ടലുകള്‍ വിളഞ്ഞ്
പൊട്ടിത്തെറിക്കാന്‍ പാകമായ
ഒന്നാന്തരം നാടന്‍ ബോംബാണ്
ഒരോ മുഖാവരണവും

Content High lights: Malayalam Poem Mukhavaranam Written By Aneesh P Nair