വീട്ടിൽ
മറവിയുള്ള
ഒരു പൂച്ചയുണ്ടായിരുന്നു.
ദാഹിക്കുമ്പോൾ
വെള്ളമിരിക്കുന്നിടമൊഴികെ
അത് പരതിനടക്കും
വിശക്കുമ്പോഴും
മീൻതലകൾ
കൂട്ടിയിട്ടിടമോർക്കാതെ
സ്വീകരണമുറിയിലെ
സോഫയ്ക്കരികിൽവന്നു കരയും
കുഞ്ഞുങ്ങളെ പെറ്റിട്ട
തട്ടിൻപുറം മറന്ന്
തൊടിയിൽ നിലവിളിക്കും
എന്തിന്,
വീട്ടിലുള്ളവരേയും
അപരിചിതരെന്നോണം
തേറ്റകാട്ടി പേടിപ്പിക്കും
പിന്നെപ്പിന്നെ
വീട്ടിലും വരാതായി;
വീടും മറന്നിട്ടുണ്ടാകും
പോകട്ടേ
ഇനി ഓർമ്മവരുമ്പോൾ
പൂച്ചയുള്ള
മറവിയെത്തന്നെവേണം
തെരഞ്ഞെടുക്കാൻ.