അച്ഛന്‍

വിറയാര്‍ന്ന കൈകളാല്‍ കെട്ടിപ്പിടിക്കുന്നു
മൂര്‍ദ്ധാവില്‍ ചുംബിച്ചെന്‍ മുടിയില്‍ തലോടുന്നു
ആര്‍ദ്രമാം വാക്കിലാല്‍ ക്ഷേമമന്വേഷിക്കുന്നു
എന്‍ പൊയ്പ്പോയ ബാല്യം തിരികെയെത്തുന്നു
ഞാനെന്ന കുട്ടി എന്നച്ഛനില്‍ അലിയുന്നു
പ്രവാസി ഞാന്‍ ഇന്നു കൂടണഞ്ഞിരിക്കുന്നു

പൊലിഞ്ഞ പ്രണയം

പൊട്ടിത്തെറിച്ചൊരു പ്രണയമാം പാത്രത്തിന്‍
വക്കുപിടിച്ചു തളര്‍ന്നു നില്‍ക്കെ
നെഞ്ചില്‍ തറച്ചോരാ ചീളിന്റെ പോറലില്‍
ഇറ്റിറ്റി വീണു ചുടു രക്തനക്ഷത്രങ്ങള്‍

മാസ്‌ക്ക് പിറന്നാള്‍

പിറന്നാള്‍ മോള്‍ക്കു പുറത്തുപോവാന്‍
അച്ഛനുമമ്മയും പുറപ്പെടണം
ചേട്ടന്‍ പോക്കിരി കൂടെ വേണം
കാലില്‍ മിന്നും ചെരിപ്പു വേണം
കാഞ്ചനവര്‍ണ്ണ ഉടുപ്പുവേണം
കണിശമായ് പുതു പുത്തന്‍ മാസ്‌കും വേണം

വിവാഹ വാര്‍ഷികം

പതിനെട്ടു വര്‍ഷങ്ങള്‍ തികച്ചു നമ്മള്‍
പറയാനൊരുപാടു ബാക്കി വെച്ചു
പാടി തീര്‍ക്കാതെ നീ പാട്ടു നിര്‍ത്തി
മനം പാറിപ്പറന്നു പോയതെന്തേ....

കൊറോണാ

ബാല്യത്തില്‍ പാട്ടിന്‍ മഡോണാ
കൗമാരത്തില്‍ നെഞ്ചിലേറി മറഡോണ
യൗവ്വനത്തില്‍ മടിയില്‍ മകള്‍ വെറോണ
വാര്‍ധക്യത്തില്‍ വന്നവള്‍ കൊറോണാ

Content Highlights: Malayalam Poem by Manoj ABS