ഓർക്കാപ്പുറത്ത് കേറി വന്ന്
കെട്ടിപ്പിടിച്ചൊരുമ്മ തരും!

ഇത്രനാളുമെവിടായിരുന്നെന്നോ
ഇന്നെന്തേ വന്നതെന്നോ
എനിക്കിപ്പം സമയമില്ലെന്നോ
ഒന്നും മിണ്ടാൻ സമ്മതിക്കില്ല...

വരിഞ്ഞു മുറുക്കി
കുസൃതിയോടോന്നു കിഴുക്കും...
എന്നിട്ട്,
നീയാകെ ചടച്ചു പോയല്ലോ പെണ്ണേയെന്നു
മുടിയിലരുമയായ് തഴുകും...
നിന്നെയിത്തിരി നേരം
ജാമ്യത്തിലെടുക്കാൻ വന്നതാണെന്ന്
വാചാലയാകും.

അടിച്ചുതുടക്കാനോ
കഞ്ഞിക്കലം കഴുകാനോ
സമ്മതിക്കാതെ
പണിത്തിരക്കിലാണേലും
വിയർത്തുനാറിയതാണേലും
പിടിച്ചുവലിച്ചടുത്തിരുത്തും.

തിരയെണ്ണി, താരകളെണ്ണിയിരിക്കാമെന്ന്
കൊതിപ്പിച്ചു കൊതിപ്പിച്ച്
ഉടലുമുയിരുമുന്മാദവുമുണർത്തി
വാക്കുകളിൽ മുക്കിത്താഴ്ത്തി
അവളങ്ങു പോകും.

ഉടൽഗന്ധമൊന്നും ബാക്കി വെക്കാതെ...
ഇനിവരുമെന്നോ , എപ്പോൾ വരുമെന്നോ
ഒരുവാക്കുരിയാടാതെ...കവിതപോലെ!