രാവിലെ ആറരക്കു സരോജം വന്നു
ബെല്ലടിക്കുമ്പോഴാണ്
ഒരു ദിവസം തുടങ്ങുന്നത്
ചടപടാന്നു ജോലികള്‍ തീര്‍ത്ത്
അവര്‍ അടുത്ത വീട്ടിലേക്കു ഓടിപ്പോയാലും
ചൂടിയ മുല്ലപ്പൂവിന്റെ മണം കുറച്ചുനേരം കൂടി
ഇവിടെയൊക്കെ
തങ്ങി നില്‍ക്കും
ഗേറ്റില്‍ കാവല്‍ നില്‍ക്കുന്ന ശംഭു
ഈ വീടിനും കൂടി കാവല്‍ നിന്നു
എന്തിനും ഏതിനും അവന്‍
ചിരിച്ചു കൊണ്ട് ഓടി വന്നു
ഒരു അനിയനെപ്പോലെ
ബുധനാഴ്ചകളില്‍ വരുന്ന മുത്തു ആണ്
വസ്ത്രങ്ങളിലെ ചുളിവുകള്‍ തീര്‍ക്കുന്നത്
മലയാളവും തമിഴും പിന്നെ കുറച്ചു ചിരിയും
ഇതാണ് ഞങ്ങളുടെ ആശയവിനിമയം
ഈ കെട്ടിടം മുഴുവന്‍ വൃത്തിയാക്കുന്ന ഉഷയെ കണ്ടാണ്
എന്നും പുറത്തു പോയിരുന്നത്
ശകുനം ഒരു കെട്ടുകഥ ആണെന്ന് അങ്ങനെ തീര്‍ച്ചയായി
എല്ലാത്തരം ദിവസങ്ങളിലേക്കും
അവരുടെ ചിരിയാണ് കൂടെ വന്നത്
ഇവരാരും ഇപ്പോള്‍ വരാറില്ലെങ്കിലും
ജീവിതം മുന്നോട്ടു തന്നെ പോവുന്നുണ്ട്
എന്നാലും..
എല്ലാവരും വന്നിരുന്നെങ്കില്‍
എത്ര നന്നായേനെ എന്നു തോന്നിപ്പോവുന്നു
ഈ വീട്ടില്‍ ഇങ്ങനെ അടച്ചിരിക്കുമ്പോള്‍
തിരിച്ചറിയുന്നു
നമ്മുടെ ജീവിതങ്ങള്‍ ഏതോ വിധം
ഇഴചേര്‍ന്നിരുന്നു എന്ന്
ഈ വാതിലിന്നിപ്പുറം ഞാന്‍ കാത്തിരിക്കുന്നുണ്ട്
അദൃശ്യമായ നൂലുകളില്‍ ചേര്‍ന്നു
നമ്മുടെ ജീവിതങ്ങള്‍
വീണ്ടും ചലിച്ചു തുടങ്ങുന്നത് കാണാന്‍..
Content Highlights: Malayalam Poem