ഴ് കടലുകള്‍ക്കപ്പുറം
വിയര്‍ത്തു കുളിച്ചൊരു എട്ടാംകടല്‍
പ്രക്ഷുബ്ധതയുടെ
തിരകളുമായ്
വീട്ടിലേക്ക് ഇരച്ചു കേറാറുണ്ട്

വീട് ദാഹിക്കുമ്പോള്‍
ജീവജലമായ് കുടങ്ങള്‍നിറയും
ചുംബനപ്പൂക്കള്‍ കൊണ്ട്
വീടാകമാനം
പച്ചപ്പു തീര്‍ക്കും
കടലമ്മ കള്ളത്തി
എന്നെങ്ങാനും വരച്ചിട്ടു പോയാല്‍
കലിതുള്ളി വീടിളക്കി
തിര നിറയ്ക്കും
പിന്നെ കടല്‍
കരയോടെന്ന പോലെ
ആലിംഗനം ചെയ്ത്
അന്തിയുറങ്ങും

ഉപ്പയോളം ആഴമുള്ള
ഒരു കടലിലും
ഞാനിറങ്ങിയിട്ടില്ല
കരുതലിന്റെ കടലാഴങ്ങളില്‍
സുരക്ഷിതമായൊരു
മെത്ത ഒരുക്കുന്നുണ്ടാവുമവര്‍

സ്വപ്നങ്ങളുടെ മരീചികയും താണ്ടി
ജീവിതത്തിന്റെ
അപ്പക്കഷണങ്ങള്‍
പൊരിവെയില്‍ചൂളയില്‍
പൊള്ളിച്ചെടുക്കുന്നുണ്ടാവും.

നോവുകള്‍ക്ക് അടയിരിക്കുന്ന
മാടപ്പിറാവുകള്‍ക്ക് 
കിനാക്കള്‍ അടര്‍ത്തിയെടുത്ത് തീറ്റ കൊടുക്കുന്നുണ്ടാവും

തേഞ്ഞു തുളഞ്ഞ വള്ളിചെരുപ്പില്‍ 
അങ്ങാടി മദ്ധ്യത്തിലൂടൊഴുകുന്നുണ്ടാവും
തിരകള്‍ അടക്കിപ്പിടിച്ച
ഒരു കടല്‍

ചില ദിവങ്ങളില്‍
വീട്ടുവരാന്തയിലെ
ചേതിപ്പടിയില്‍ 
സ്വയം ഉള്‍വലിഞ്ഞ്
തളര്‍ന്നുറങ്ങുന്നുണ്ടാവും

എത്രയെത്ര പ്രക്ഷുബ്ധതകളെ
ഉള്ളിലൊതുക്കിയാണ്
ഒരോ കടലും
കപ്പലുകളെ സുരക്ഷിതമായി
ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്.

Content Highlights: Malayalam poem Ettam Kadal