ദൈവമണമുള്ള വാക്ക്
ദൈവനിറമുള്ള തൊടൽ..
നിങ്ങൾ കടുത്ത നീലച്ച
ഏകാന്തതയിലിരിക്കുമ്പോൾ
അലിവാർന്നനിലാവ്കൊണ്ട്
അൻപാർന്നഒരുചിരികൊണ്ട്
നേരേ..നെഞ്ചിൽ തൊടുന്ന
ഒരാളിലുണ്ടത്...

ഒറ്റയൊറ്റയെന്നാർക്കുന്ന
ഹൃദയത്തിലേക്ക്
കൂടെയുണ്ട്.. എന്നത്
തോരാതെ പെയ്യും..
കൊടും വേനലൊരു
കരിമുകിലിനെ
ആവിഷ്കരിക്കും
ദൈവവിരൽ
മഴയെന്നെഴുതും..
മഞ്ഞിന്റെ തണുപ്പുള്ള
മഴ ചാറും.

വേലിപടർപ്പിൽ നിറയെ
ദൈവമുല്ല ചുവക്കും
എല്ലാ വരൾച്ചയും പച്ചയാവും..
എന്റെ ദൈവമേയെന്ന്
ഞാനയാളുടെ
വിരലിൽ ചുംബിക്കും

അയാളുടെ കാരുണ്യം
എന്റെ വെയിലിനെ
വിരലിൽ ചുറ്റിയിടും
സ്നേഹം കൊണ്ട്
എനിക്ക് ഭ്രാന്ത് പിടിക്കും..

സ്നേഹമേ.. സ്നേഹമേ
എന്ന് എന്റെ ദൈവത്തെ
ഞാൻ കെട്ടിപ്പിടിക്കും..

പ്രണയമേ..
പ്രണയമേയെന്ന്
അയാളെന്നെ
വസന്തത്തിന്റെ
താഴ്വാരയിലേക്ക്
ഒരു നീലപ്പൂവിനെയെന്ന
പോലെ പറിച്ചു നടും

ദൈവഗന്ധിയായപൂക്കൾ, ദൈവ നിറമുള്ളപൂക്കൾ എന്നിലൂടെ
മഞ്ഞയുടുത്ത്,
പിങ്കുടുത്ത്
ചുവപ്പും
വയലറ്റുമുടുത്ത്
നടന്നു പോവും..

ദൈവമെന്നെ,
ആഴമേ....
സമുദ്രമേയെന്ന് ചുംബിക്കും...
സ്നേഹത്തിൽ നിന്ന്
ദൈവത്തിലേക്കു തുറക്കുന്ന..എല്ലാ ജാലകത്തിനരികിലും
എന്റെ പ്രത്യാശ അലയടിക്കും...

ദൈവമേ ദൈവമേയെന്ന്
ഞാനയാളുടെ
മുടിയിഴകൾക്കുള്ളിൽ
ആകാശം പോലെ
കുരുങ്ങി കിടക്കും..

Content Highlights: Malayalam Poem Daivamanamulla Oral By Smitha Sylesh