അന്ന് ലാബ് പിരീഡാണ്
സെമസ്റ്റർ ഏഴ് കമ്പ്യൂട്ടർ സയൻസ് ക്ലാസ്സ്
സുന്ദരിമാരും സുന്ദരന്മാരും പ്രോഗ്രാം ചെയ്യുന്നു
പറഞ്ഞ പ്രണയത്തിന് മറുപടി കിട്ടാത്ത ഞാൻ

തുറന്നിട്ട ചില്ലു ജാലകത്തിലൂടെ ചിറകടിച്ചുവന്നു
ഒരു മഞ്ഞ പൂമ്പാറ്റ.
ദിവ്യ, രേഷ്മ, മരിയ, കാർത്തിക, ഫാത്തിമ....
രാഹുൽ, ജോഷി, മനു, ഷാഫി, സിദ്ധാർഥ്...
പിന്നെ ടീച്ചറേയും തൊട്ട്
അവിടെ മുഴുവൻ പറന്നു നടന്നു

മഞ്ഞ ചിറകിന്റെ സൗന്ദര്യം
ലാബ് മനോഹരമാക്കി
കീബോർഡുകളിൽ നിന്നു കൈകൾ ഉയർന്നു
ആർക്കും തൊടാൻ പിടികൊടുത്തില്ല
ടീച്ചറുടെ ആക്രോശം

ലാബിൽ കട്ട ഡിസിപ്ലിൻ
പൂമ്പാറ്റ പുറത്ത്!
വീണ്ടും ജാവ സ്ക്രിപ്റ്റിലേക്ക്
മെക്കാനിക്കൽ ലാബിൽ,
ഹോസ്റ്റൽ പടിക്കലെ ന്യൂഡിൽസ് കടയിൽ
കോളേജ് ബസ്, ടോയ്ലറ്റ്
സ്റ്റാഫ് റൂം...
അങ്ങനെ എല്ലായിടത്തും ചർച്ച
കമ്പ്യൂട്ടർ ലാബിലെ പൂമ്പാറ്റ!

ഇത് അമേരിക്ക:
ഇന്ദു;മൈക്രോസോഫ്റ്റിലെ ഉദ്യോഗസ്ഥ
വലിയ തിരക്കിന്റെ ഇടവേളയിൽ
പഴയ ഡാറ്റ സ്ട്രക്ച്ചർ പുസ്തകം തുറന്നു
മുൻപേജിൽ ഒട്ടിച്ചിരിക്കുന്നു
പൂമ്പാറ്റയുടെ മഞ്ഞചിറകുകൾ
താഴെ ഇന്ദു ലവ് ഞാൻ

ഫ്ലാഷ്ബാക്ക്:
ലാബ് കഴിഞ്ഞു
ഇന്ദു അടുത്തുവന്നു
ലാബിൽ വന്ന പൂമ്പാറ്റയെ വേണം
ക്യാമ്പസ് മുഴുവൻ പൂമ്പാറ്റ വേട്ട
ആർക്കിടെക്ട് ഡിപ്പാർട്മെന്റിനു പിറകിലെ
ഇലഞ്ഞിമരത്തിൽനിന്നു കക്ഷിയെ കിട്ടി.

ഇത് അമേരിക്ക:
തിരക്കുള്ള റോഡുകളെ ബന്ധിപ്പിച്ച ഉയരെയിരുന്ന്
ജാലക നിരീക്ഷണത്തിൽ ഞാൻ
ഇന്ദു വരാറായി.

ഇന്ദുവിന്റെ ഭർത്താവാണ് ഞാൻ
അമേരിക്കൻ നഗരത്തിലെ
മലയാള കവി!

Content Highlights: Malayalam Poem Computer Labile Poombatta Written by Jio George