മോണിറ്ററിന്റെ
മൃദു മൂളല്‍ ശബ്ദവലയങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന 
എന്റെ ഏകാന്തതയില്‍ ഉറക്ക്
കെട്ടിപ്പെറുക്കിയ കിനാക്കളുടെ ഒരു കിഴിയുമായി
മേലെ പറമ്പില്‍
ശാലിനിയുടെ വീട്ടുമുറ്റത്തെ മൂവാണ്ടന്‍ മാവിന്‍ കൊമ്പില്‍ചെന്നിരുന്ന് ഊഞ്ഞാലാടി

അരിമണിയാണെന്ന് കരുതിയാവും
അടുത്ത കൊമ്പിലിരുന്ന കാക്കക്കുയില്‍
കിഴി കൊത്തിപ്പറിക്കാന്‍ പാറി വന്നു.

ശാലിനി നല്ല ഉറക്കിലാണ്
അതിലും നല്ല ഉറക്കിലാണ് അവളുടെ അമ്മ
ഞാനിപ്പോള്‍ അവരുടെ വീടിന് കാവലാണ്

എന്റെ ഉറക്കിപ്പോള്‍
വേതാളം കളിക്കുകയാണ്
കൊമ്പുകളില്‍ നിന്ന് കൊമ്പുകളിലേക്ക് ചാടുന്നു.
അദൃശ്യനാവുന്നു!
വീണ്ടുമെന്റെ തോളില്‍ വന്നിരിക്കുന്നു..

കിനാക്കള്‍ കൊത്തിത്തിന്ന്
ചീര്‍ത്ത
കാക്കക്കുയില്‍ വെളുത്ത നിലാവിലേക്ക്
പാറിപ്പോവുന്നു
ഇപ്പോളത് തൂവെള്ള നിറമുള്ള മേഘക്കൂട്ടമാണ്.

ഉറക്ക് നഷ്ടപ്പെട്ടുപോയവര്‍ തിരയാറുള്ള 
എല്ലാ ഇടങ്ങളിലും ഞാന്‍ റോന്തുചുറ്റുന്നു

ഉറക്കിനൊപ്പം എന്നില്‍ നിന്നും ആരോ ഒരാള്‍ ഇറങ്ങിപ്പോയി
നെല്ലു കതിരിട്ട പാടത്തിനക്കരെ തോട്ടുവക്കില്‍ ഞാനുമവളും ചൂണ്ടയിട്ടു

ഒരോ ആശുപത്രിക്ക് പിന്നിലും കാണും ഒരാല്‍മരം.
ആത്മാക്കള്‍ കുടിയിരിക്കുന്ന മഹാസാമ്രാജ്യം
പിറക്കുമ്പോള്‍ ഒരു ഇല കൊഴിയുന്നു
ശ്വാസം നിലക്കുമ്പോള്‍ ഒരില തളിര്‍ക്കുന്നു

ഇ(ഉ)റങ്ങിപ്പോയവരിതുവരേ തിരിച്ചു വന്നില്ല
ഞാനിപ്പോള്‍ അദൃശ്യനാണെന്നു തോന്നുന്നു.
ജനലുവഴി അവളുടെ മുറിയില്‍ കടക്കാനും.
അവളറിയാതെ ചുംബിക്കാനും
പിന്നെ കെട്ടിപ്പുണരാനുമാവുന്നല്ലോ!

Content Highlights: Malayalam poem by Yahiya Muhammed