രു മേഘക്കൂടില്‍
പല മഴകള്‍ പതുങ്ങുന്നത് പോലെ, 
ഒരു വിത്തില്‍
പല വസന്തത്തിന്‍ വേരുകള്‍ 
ഒളിച്ചുറങ്ങുന്നത് പോലെ, 
അനേകം ഉരുള്‍പൊട്ടലുകളും 
ഉള്ളുരുക്കങ്ങളും
ഒളിച്ചുവെച്ചടക്കം ചെയ്ത
പേടകങ്ങളാണ് ഓരോ ഉടലുകളും.

എത്രയെത്ര അട്ടഹാസങ്ങളെ
പുറം കാട്ടാതെ അടക്കിപ്പിടിക്കുന്നവരാണ് 
ഞാനും നീയുമെല്ലാം 
അകത്തുടിപ്പുകളുടെ
പല ഉന്മാദവിത്തുകളെയും
മുള പൊട്ടാന്‍ വിടാതെ
ഉപരോധിക്കുന്നവര്‍.

കലാപത്തിന്റെ തീപ്പൊരികള്‍, 
പ്രണയത്തിന്റെ മഞ്ഞുതാഴ്വരകള്‍, 
വന്യതയുടെ തേറ്റപ്പല്ല്
സങ്കടങ്ങളുടെ ഉപ്പുതടാകങ്ങള്‍, 
നഷ്ടഭാരങ്ങളുടെ ചരക്കുകപ്പലുകള്‍, 
അങ്ങനെ പലതുണ്ട്
ആത്മസകങ്കേതത്തിന്‍ ഒളിയിടങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നത്.

കാല നിശ്ചയങ്ങളില്ലാതെ, 
ഉത്സവപ്പെരുക്കങ്ങളും 
പെരുമഴയും തിരയടികളും 
വേനലും കാട്ടുതീയും 
മഞ്ഞുകാറ്റുമുള്ളൊരു രാജ്യത്തെ, 
പല നേരങ്ങളിലും
മൌനത്തിന്‍ അതിര്‍ത്തിയില്‍ 
പൊതിഞ്ഞു പിടിക്കും
വന്‍മതിലുകളാണ് ഉടല്‍ഭിത്തികള്‍.

തടവിലാക്കപ്പെട്ട ഒച്ചകളും 
ആത്മഗതങ്ങളും
സമരമൂര്‍ച്ചയില്‍
മതിലു ചാടുമ്പോള്‍ മാത്രമാവും
നാവു പോലും അതറിയുന്നത്.

ആത്മബോധത്തിന്‍
വാറോലകളാല്‍, വിചാരണകളാല്‍ 
തടഞ്ഞുവെക്കപ്പെടുന്ന അധിനിവേശങ്ങള്‍. 
പിന്‍വിളികളാല്‍
ആവിഷ്‌കരിക്കപ്പെടാതെ പോയ പ്രണയങ്ങള്‍.
ഒരു വാക്കിലേക്കും മുറിച്ചുകടക്കാതെ, 
അകമേ കരിഞ്ഞുപോകുന്ന
മിന്നല്‍മുറിവുകള്‍.

അദൃശ്യരായ അധികാരികളും 
അരാജകരായ ജിപ്സികളും 
മാലാഖച്ചിറകുള്ള കാല്‍പനികരും 
വിഹരിക്കുന്ന വനാന്തരങ്ങളുണ്ട്
ഓരോ ആണിലും പെണ്ണിലും.

ഒടുവില്‍,
ജീവനറ്റു മണ്ണോടലിയുമ്പോള്‍ 
ഉടലഴികള്‍ തകര്‍ത്ത്
പൂമരമായും മുള്ളായും മുരിക്കായും 
മുല്ലയായുമെല്ലാം
തളിര്‍ത്തു വന്ന്,
കാറ്റില്‍ ചിറകടിച്ചാര്‍ത്തു വിളിച്ചും, 
നിലാവില്‍ നൃത്തം ചെയ്തും 
സ്വാതന്ത്രയമാഘോഷിക്കും 
ആവിഷ്‌കരിക്കപ്പെടാതെ പോയ 
എത്രയോ അകത്തുടിപ്പുകള്‍, 
ഒതുക്കിപ്പിടിച്ച കോമ്പല്ലുകള്‍, 
തടവിലാക്കപ്പെട്ട
ഉന്മാദങ്ങള്‍.

Content Highlights: Malayalam poem by Thansim Kuttiady