ലാപ്‌ടോപ്പ് അടയ്ക്കാന്‍ തുടങ്ങുകയായിരുന്നു

ആറു കവിതകള്‍ ഇന്‍ബോക്‌സിലേക്ക് ആര്‍ത്തലച്ചു വീണു.

പുറത്ത് നഗരത്തിന്റെ 
സൈറന്‍കോഴി കൂവി.

നൈറ്റു കടകളും ആശുപത്രികളും 
പരസ്പരം ഡ്യൂട്ടി കൈമാറ്റം ചെയ്യാനൊരുങ്ങി.

ചുവന്നയുടയാട ഊരിക്കളഞ്ഞ് 
മെയിലുകള്‍ അയാള്‍ക്ക് മുമ്പില്‍ നഗ്‌നരായി.

അറിഞ്ഞു,
ഒന്നു പോലും കവിതകളായിരുന്നില്ല.

അല്ല! ആയിരുന്നൂ,
അവരവരുടെ അവസാന കവിതകള്‍; ആത്മഹത്യാക്കുറിപ്പുകള്‍.

ചുവന്ന കണ്ണുകളുള്ള 
ആറു തലക്കെട്ടുകള്‍

1 മാനഭംഗം ചെയ്യപ്പെട്ടവരുടെ മോണോലിസ

2 ചരിത്രത്തിന്റെ ശൗചാലയങ്ങള്‍

3 മൂന്നാം ആത്മഹത്യാ ശ്രമത്തില്‍ പരാജയപ്പെട്ടവരുടെ ഹെല്‍പ്പ് ലൈന്‍

4 Falling Spider : അഞ്ചേമുക്കാലിന്റെ പൗര്‍ണമി

5 ചാവുമണിക്കാറ്റ് എന്ന പിയാനോ കോളനി

6   നഗര സുരതം അഥവാ
     മറവിരോഗം ബാധിച്ച പറവ

'ഭൗതികാവശിഷ്ടങ്ങള്‍ സ്വീകരിക്കുന്നതല്ല'
എന്നൊരു മറുപടി ടൈപ്പ് ചെയ്യവേ ബാല്‍ക്കണിയില്‍ നിന്ന് 
അന്ധയായൊരു പ്രാവ് പറന്നുയര്‍ന്നു.

ചവറ്റുകൊട്ടയുടെ ഉപരിതലത്തിലേക്കു പൊന്തിവന്ന ഒരു മീനപ്പോള്‍ 
അയാളുടെ കാല്‍വിരലുകള്‍ക്ക് 
അന്ത്യചുംബനം നല്‍കുവാനാഞ്ഞു ശ്വാസമെടുത്തു

Content Highlights: Malayalam poem by Suresh Narayanan