പാതിയുറക്കത്തിന്റെ അലസമായ താഴ്വരയില്‍ നിന്നു കാല്‍വഴുതി 
ഞാന്‍ സ്വപ്നത്തിന്റെ ഗുഹാമുഖത്തേക്കു പതിച്ചു.

എന്റെ പൂന്തോട്ടത്തിലെ പൂക്കള്‍ മാത്രം പൂക്കുന്ന ഒരു ദിവസത്തിലേക്കുണരാന്‍ കൈകാലുകള്‍ കുടയവേ,
ആ സുഗന്ധം ശ്വസിച്ചു വഴിതെറ്റിപ്പോകുന്ന പ്രഭാതനടപ്പുകാരുടെ ദീര്‍ഘനിശ്വാസങ്ങളുടെ 
കട്ടിപ്പുകമഞ്ഞ് ഗ്രാമവഴികളില്‍ നിറഞ്ഞുയര്‍ന്നു.

ജാലകത്തിരശ്ശീലകളെയല്ലാം മോഹാലസ്യപ്പെട്ടുത്തി 
അകത്തേക്കടിച്ചു കയറിയ സുഗന്ധക്കാറ്റിലേക്ക് ഞാനുലഞ്ഞുണര്‍ന്നു!

അപ്പുറത്തെ മുറിയിലേക്കു പോകുമ്പോള്‍,
പൊടുന്നനെ സിമന്റിട്ട പ്രതലത്തിലെ വാതിലുകള്‍ പ്രാചീനമായൊരു ശബ്ദത്തോടെ അകത്തേക്കു തുറന്നു!

ഞെട്ടിത്തരിച്ച്,
ഓടിച്ചെന്നു താഴേക്കു നോക്കുമ്പോള്‍,
അസാധാരണമാം നീളമുള്ള 
പടവുകള്‍ കയറി 
നീ വരുന്നതു കാണുന്നു.

നീയടുത്തടുത്തെത്തുന്തോറും, 
മുന്തിരിയുടെ സൗരഭ്യം കൂടിക്കൂടി വന്ന് എന്റെ തല പെരുക്കാന്‍ തുടങ്ങുന്നു!

അവസാനപടിയും കയറി വന്നു നീ കണ്ണിറുക്കിക്കൊണ്ടെന്നോടു പറയുന്നു,
'നോക്കണ്ട, വീഞ്ഞു പാകമായിട്ടില്ല!'

തുടര്‍ന്ന്,
മുടിയും വാരിക്കെട്ടി,
മൂളിപ്പാട്ടും പാടിക്കൊണ്ട് 
നീ നടന്നുപോകുമ്പോള്‍ 
ശലഭങ്ങളുടെ വലിയൊരു ഘോഷയാത്ര 
പൂന്തോട്ടത്തെ പുതപ്പിക്കാന്‍ തുടങ്ങുന്നു !

Content Highlights: Malayalam Poem by Suresh Narayanan