കുട്ടിക്കാലത്തെ ഓര്‍മ്മപ്പൊടിപ്പുകളെല്ലാം 
ആ ചാരുകസേരയുമായി ഏതൊക്കെയോ അദൃശ്യമായ ആണികളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.

സദാ അതിനു ചുറ്റും കറങ്ങുന്ന ഒരുപഗ്രഹമായിരുന്നല്ലോ 
ആ ബാലന്‍!

മെലിഞ്ഞു പൊക്കമുള്ള, തോര്‍ത്തുമുണ്ടു മാത്രമുടുക്കുന്ന ഒരാളുടേതായിരുന്നു ആ ചാരുകസേരയിലെ ലോകം.

കുട്ടി അദ്ദേഹത്തെ മുത്തച്ഛാ എന്നും അദ്ദേഹം അതേ വിളി ചുരുക്കി അവനെ തിരിച്ചു 
മുത്തേ എന്നും വിളിച്ചു പോന്നു.

സ്‌നേഹക്കൂടുതലിന്റേയും ദേഷ്യക്കൂടുതലിന്റേയും അവസ്ഥാന്തരങ്ങളില്‍ 
അതു യഥാക്രമം പൊന്നുണ്ണിയും മരപ്പട്ടിയുമായി പരിണമിച്ചു!

ഓണമാകട്ടെ, വിഷുവാകട്ടെ, ക്രിസ്തുമസ്സാകട്ടെ
ആ ചാരുകസേരയുടെ
ചുവട്ടിലായിരുന്നു അവന്റെ എല്ലാ ആഘോഷങ്ങളും!

ചുറ്റിനുമുള്ള പലരും മരിക്കുമ്പോഴും
മുത്തച്ഛനൊരിക്കലും 
മറഞ്ഞു പോവില്ല, 

കൂടെയെപ്പോഴും കളിക്കാനുണ്ടാകും,

എല്ലാ ഓണ- വേനല്‍ക്കാല അവധികള്‍ക്കും ഓലമേഞ്ഞു കളിവീടു കെട്ടിത്തരും,

മഹാഭാരത കഥ പറഞ്ഞുകൊണ്ടൊപ്പം പകിടകളിക്കും

ബാലഭൂമിയും പൂമ്പാറ്റയും വാങ്ങിക്കാന്‍ കാശു തരും,

അച്ഛന്‍ വടിയെടുക്കുമ്പോള്‍ കണ്ണുരുട്ടും, 

ബഷീര്‍ കൊച്ചുമുഹമ്മദിനു കൊടുത്തതുപോലെ 
സ്‌പെഷ്യല്‍ ഉരുള തരും!

അങ്ങനെയൊക്കെ അവന്‍ സ്വയം വിശ്വസിച്ചുപോന്നു; വലുതാവാന്‍ വിസമ്മതിച്ചു

തോര്‍ത്തിന്നറ്റത്തൊരു ചരടുകെട്ടി അതും പിടിച്ചുകൊണ്ട് മുത്തശ്ശന്റെ പുറകെ വാലുപോലവന്‍ നടക്കുന്നതുകണ്ട് പറമ്പില്‍ തേങ്ങയിടാന്‍ വന്ന പണിക്കാര്‍ ചിരിച്ച ചിരിയുടെ പ്രതിനിധികള്‍ ഇപ്പോഴും ഓര്‍മ്മകളുടെ വിളുമ്പുകളില്‍ ഇടയ്ക്കിടയ്ക്ക് വന്നിരിക്കും.

കുടയെടുക്കാന്‍ 
മറന്ന ഒരു മഴക്കാലം.

ചിങ്ങമാസത്തിനു വഴിയൊരുക്കി ക്കൊണ്ട് ഒഴിഞ്ഞു പോകാന്‍ തുടങ്ങിയ മഴക്കാലം മുത്തച്ഛനെയും കൂടെ കൂട്ടി.അദ്ദേഹത്തെ തോളിലേറ്റുമ്പോള്‍ അതു ചെറുതായൊന്നു കിതച്ചു.

കണക്കു പരീക്ഷ ആയിരുന്നു.

പരീക്ഷ കഴിഞ്ഞപ്പോള്‍ 
നല്ല മഴ പെയ്തു. 

പുസ്തകവും തലയില്‍ വച്ചുകൊണ്ട് സ്‌കൂളില്‍നിന്നോടിവരുമ്പോള്‍ ആ ചാരുകസേര 
മടക്കി വച്ചിരിക്കുന്നു.

കണ്ണീരുപ്പാല്‍ ആ കുട്ടിയന്ന് മഴയെ കുറേ വെള്ളം കുടിപ്പിച്ചു.

അതിനുശേഷമവന്‍  നിരന്തരമായി സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി.

'ഞാന്‍ സ്വസ്ഥമായൊരിടത്ത് ഇരിക്കട്ടെടാ മരപ്പട്ടീ' എന്നു ദേഷ്യപ്പെട്ടുകൊണ്ട് മുത്തച്ഛന്‍ അവന്റെ അബോധത്തിന്റെ അടരുകളിലേക്ക്
ദിവസവും ഇറങ്ങിവന്നു കൊണ്ടേയിരുന്നു.

ഉറക്കത്തിലെ സംസാരവും ചിരിയും കളിയും കേട്ട് 
വീട്ടുകാര്‍ ഓരോരുത്തരായി ഉണര്‍ന്നു; ഭയന്നു.

അച്ഛനവന് ശിവദാസ് മാമന്റെ *ഉമക്കുട്ടിയുടെ അമ്മൂമ്മ* എന്ന പുസ്തകം വാങ്ങിച്ചു കൊടുത്തു .

ഉമക്കുട്ടിയെ കൂട്ടിനു കിട്ടിയപ്പോള്‍, ചൂടുള്ള നെറ്റിയില്‍ കാറ്റുകള്‍ വന്നു ചുംബിച്ചപ്പോള്‍, ദുഃഖങ്ങള്‍ പതുക്കെ ഓര്‍മ്മകളെ ഒഴിഞ്ഞു പോകാന്‍ തുടങ്ങി.

 പിന്നെയും കണക്കുപരീക്ഷകള്‍ വന്നുകൊണ്ടേയിരുന്നു.. 
ചാരുകസേര വീട്ടിനകത്തെവിടെയോ കിടന്നു പൊടിപിടിച്ചു.

പെന്‍സില്‍ പിടിച്ചിരുന്ന കൈകള്‍ പേനയിലേക്കുവളര്‍ന്നു.

നടന്നു പോകുന്ന കാലുകള്‍ സൈക്കിള്‍ ചവിട്ടിക്കയറി.

ഓര്‍മ്മകളെ പിന്നിലു പേക്ഷിക്കുമ്പോഴും,
പുഴ കടന്നുവരുന്ന ഓണക്കാറ്റ് വീട്ടുമുറ്റത്തെത്തി ബ്രേക്കിട്ട് ആരെയോ തിരയുന്നതുപോലെ വട്ടം ചുറ്റുമ്പോഴും, മനസ്സിലവ്യക്തമായ ചില നിഴലുകളാടും.

'ഉമക്കുട്ടീ ദാ,വെണ്ണ' എന്ന ആ അമ്മൂമ്മയുടെ അലിഞ്ഞു പോകുന്ന, അകന്നു പോകുന്ന വിളി ഓര്‍മ്മ വരും.

നല്ലപാതിയുടെ പേരും ഉമ എന്നായതിന്റെ യാദൃശ്ചികതയെപ്പറ്റിയുള്ള ചിന്തകളെ ചേര്‍ത്തുപിടിക്കുമ്പോള്‍,
അവളടുത്തു വന്ന്

'ദാ ചേട്ടന്റെ കണ്ണില്‍ ഗൃഹാതുരത്വം ഉരുണ്ടു കൂടുന്നു' എന്ന് പറഞ്ഞു കളിയാക്കും!

Content Highlights: Malayalam poem by Suresh Narayanan