പീര്‍ മുഹമ്മദ്.
സബ്‌കോ സന്മതി എന്ന എന്‍ജിഒയുടെ രക്ഷാധികാരി.

നദിയില്‍ നിന്നുള്ള കാറ്റേറ്റു കൊണ്ട് ഡ്രൈവ് ചെയ്യാന്‍ വലിയ ഇഷ്ടമായിരുന്നു അയാള്‍ക്ക്.

തിരിച്ച് സരയൂനദിക്കും അയാളെ ഇഷ്ടമായിരുന്നു .
അവിശുദ്ധമായൊരു ആറാം തീയതി അവളാണയാളെ രക്ഷിച്ചത്.
അയാളുടെ മുറിവുകളന്നു 
കഴുകിക്കൊടുത്തതും 
അവള്‍ തന്നെ.

വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. പുറമേക്കു കാണാത്ത മുറിവുകളുമായി അയാള്‍ ഇന്നും വണ്ടിയോടിക്കുന്നു.. ഓഗസ്റ്റ് 5.

അയാളുടെ വഴിമുടക്കിക്കൊണ്ടതാ 
കരിങ്കല്‍ക്കൂട്ടങ്ങള്‍;
വണ്ടി നിര്‍ത്തിയടുത്തുചെന്നപ്പോള്‍ അതിനു പിന്നില്‍ നിന്നും ശിലായുഗ മനുഷ്യരെപ്പോലെ തോന്നിച്ചവര്‍ എഴുന്നേറ്റു വരുന്നു.

ക്ഷണനേരത്തിനുള്ളില്‍ അയാളെയവര്‍ വലയം ചെയ്യുന്നു.

മുന്നോട്ടുവരുന്ന തലവന്റെ ഊരിയ വാളില്‍ സൂര്യവെളിച്ചമുദ്ധരിക്കുന്നു.

പീര്‍ മുഹമ്മദിന്റെ ഓര്‍മ്മകളുടെ ചില്ലുടയുന്നു;
വര്‍ഷങ്ങള്‍ക്കു മുമ്പറ്റുപോയ വിരലുകളുടെ കമ്പനം തിരിച്ചുവരുന്നു.

'സമയം പാഴാക്കുവാനില്ല' 
തലവന്‍ ആക്രോശിക്കുന്നു.
ഇതു കരിങ്കല്ലുകളല്ല, തറക്കല്ലുകളാണ്; ബലിക്കല്ലുകള്‍ കൊണ്ടുള്ള തറക്കല്ലുകള്‍!'
അയാള്‍ഉദ്‌ഘോഷിക്കുന്നു.

സരയൂവിന്റെ ഒഴുക്കു നിലയ്ക്കുന്നു.
ഇണയെ ഓര്‍മ്മവന്ന മയില്‍ ഭയത്തോടെ ചിറകടിച്ചു 
നദീതീരം വിട്ട്പറന്നു പോകുന്നു.

വാള്‍മുന വാത്സല്യത്തോടെ അവന്റെ നാസികാഗ്രത്തെ സ്പര്‍ശിക്കുമ്പോള്‍
തലവശാസനം വീണ്ടുമുയരുന്നു.

'ബലിദാനിയായിക്കൊണ്ടു നീ ഉത്തമ പൗരനാവുക. 
ഇന്നേക്കു നല്ല നാള്‍.
നിന്റെ ചോരയാല്‍ ആ കല്ലുകളെ ചുവപ്പിക്കുക.!'

മുഹമ്മദിനു പെട്ടെന്ന് എബ്രഹാമിനെയോര്‍മ്മവന്നു. മലമുകളില്‍, മരത്തിനു കീഴിലെ ദിവ്യബലിയില്‍ മനസ്സുടക്കുന്നു. 
ഇല്ലാത്ത വിരലുകളില്‍ തന്റെ മകന്‍ 
പിടിച്ചുവലിക്കുന്നതായിത്തോന്നുന്നു.

ഇനിയവനു മാലാഖയുടെ, മലാലയുടെ കഥകള്‍ പറഞ്ഞു കൊടുക്കാന്‍ പറ്റില്ലല്ലോ എന്ന് സങ്കടപ്പെടുന്നതിനിടെ 
ബലി പൂര്‍ത്തിയാവുന്നു.

ആര്‍പ്പുവിളികള്‍ക്കിടെ കല്ലുകളുടെ കവിളുകള്‍ 
ചുവന്നു ചുവന്നു വരുന്നു.

Content Highlights: Malayalam Poem by Suresh Narayanan