1) ശ്വാസം..

'ശ്വാസം'
എന്നെഴുതി
ആഴത്തില്‍
ഒരുകുറി  നോക്കിയിട്ടുണ്ടോ..!

എങ്കില്‍...
വളഞ്ഞു കൂനി
വെറുംനിലത്തു കൂടിയിഴയുന്ന
മനുഷ്യരെപ്പോലെ
രണ്ടക്ഷരങ്ങള്‍ കാണാം..!

ഒഴിഞ്ഞ സിലിണ്ടറില്‍ ഘടിപ്പിച്ച
ഫേസ്മാസ്‌ക്ക് പോലെ
അവര്‍ക്കിടയില്‍
നോവിന്റെ ഒരടയാളം കാണാം..!

ഒടുക്കം..
ഓക്‌സിജനെന്നോ ശൂന്യതയെന്നോ
തിട്ടമില്ലാത്ത
നിസ്സഹായതയുടെ
നെടുവീര്‍പ്പ് കാണാം..!

2) അകലം

'അകലം' എന്നെഴുതുമ്പോള്‍
ഇനി ഞാന്‍
അക്ഷരങ്ങള്‍
അകറ്റിയെഴുതില്ല..!

ആത്മാവില്‍ അര്‍ത്ഥം കുഴിച്ചിട്ട്
അപ്പോഴെങ്കിലും
അവയൊന്നു
തൊട്ടുരുമ്മട്ടെ..!

അകന്നകന്ന്
'അകല'ത്തിലുമകന്നാല്‍
അവയതെങ്ങനെ താങ്ങുമെന്നാണ്..!

3) ഗുളിക

നോവ്
തിന്നു തിന്നൊടുവില്‍
നെഞ്ചും നാവും
തളര്‍ന്നപ്പോള്‍

-അനുഭവങ്ങളുടെ
കയ്പു തരികള്‍
ചേര്‍ത്ത് ചേര്‍ത്ത്
വച്ച്
നിര്‍വികാരതയുടെ
പുറന്തോട്ടിട്ട്
ഒരിറ്റ് വെള്ളം
ചേര്‍ത്ത്
വിഴുങ്ങുക-

എന്നതാക്കി
ഇപ്പോള്‍ ശീലം..!

4) ലോക്ക്...

'ലോക്ക്'
വെറുമൊരു വാക്കല്ല...

കവാടങ്ങളടച്ച
മുറിയിലേക്ക് നീട്ടിയിട്ട
ഒരു കട്ടിലാണ്..!

മരണത്തിലേക്ക് നീളുന്ന ജീവനെ
പൊതിഞ്ഞു കാക്കാന്‍
കാലമെന്ന കൊല്ലന്‍
പണിതിട്ട ആമാടപ്പൂട്ടാണ്..!

5)നിഘണ്ടു..


ഇനിയൊരിക്കല്‍
തമ്മില്‍ കാണുമ്പോള്‍..

എന്റെ ചിരി..
തൊട്ടുരുമ്മലിന്റെ ചൂട്..
കെട്ടിപ്പുണര്‍ന്നതിന്റെയാഴം..

ഇവയെല്ലാം
മുമ്പെപ്പോഴോ
നിര്‍വചിച്ചു വച്ച
ആ നിഘണ്ടു
നീ കൂടെ കരുതണം..!

ഒരുപക്ഷെ..
ഇനിയൊരിക്കല്‍
തമ്മില്‍ കാണുമ്പോള്‍
നാം തിരിച്ചറിയാതെ പോയെങ്കില്‍...!

Content Highlights: Malayalam poem by Sachind Prabha