പോര്‍ബന്തറില്‍ ജനിച്ചത് മുതല്‍
മരണം വരെ മഹാത്മാവിന്റെ
ചരിത്രം മുഴുവന്‍ ഞാന്‍
എണ്ണിയെണ്ണിപ്പറയാം.
മഹാത്മാവ് എങ്ങനെയാണ് മരിച്ചതെന്ന് മാത്രം
എന്നോട് ചോദിക്കരുത്.
എനിക്ക് ഭയമാണ്.

ഭയത്തിന് പോരാടാന്‍ കൈകളില്ലെന്നും പറക്കാന്‍ ചിറകുകളില്ലെന്നും കവി.
നേരായിരിക്കാം
എന്നാലും അധികാരത്തിന്റെ നീണ്ടു വരുന്ന ഒരു കൊക്ക് -
എനിയ്ക്ക് ഭയമാണ്.

നിങ്ങള്‍ നിരീക്ഷിക്കുന്നത് പോലെ വലിയ നിഴലുള്ള
വളരെ ചെറിയ ജീവിയാവാം ഭയം.
പക്ഷേ, വിഷാണുവല്ല
നമ്മെ വിറപ്പിക്കുന്നതാണ്.
എനിയ്ക്ക് ഭയമാണ്.

ആല്‍ മുളച്ച ന്യായാസനങ്ങള്‍
നാവുറങ്ങിപ്പോയ നാട്ടുകൂട്ടങ്ങള്‍
വാഴുന്നവന് വളകളിടുവിപ്പിക്കാന്‍
ക്യൂ നില്‍ക്കുന്നൊര്‍ -
ഈ കാഴ്ച നോക്കി
ഭയം അവസാനിക്കുന്നിടത്താണ്
ജീവിതം ആരംഭിക്കുന്നതെന്ന്
എന്നോടാരോ പറയുന്നുണ്ട്.
എനിയ്ക്ക് ജീവിതം വേണ്ട.
എനിയ്ക്ക് ഭയമാണ്.

എനിയ്ക്കു വേണ്ടി ഒരു കൂടു പണിയുക.
പഴവും പാലും കഴിച്ച്
നിങ്ങളുടെ ഉമ്മറത്ത് നിന്ന്
' തത്തമ്മേ പൂച്ച പൂച്ച' എന്ന് ഞാന്‍ പറഞ്ഞു കൊണ്ടേയിരിക്കാം.
എനിയ്ക്ക് ഭയമാണ്.

സിംഹാസനത്തിലിരുന്ന്
രോമാവൃതമായ കഴുത്ത് നീട്ടി ഭയം പറയുന്നു:
' ഞാനാണ് ഭരിക്കുന്നത് '.
കിനാവുകളെ കഴുത്തുഞെരിച്ചു കൊല്ലുന്നത് പോലെ നിന്നെയും ...
മൗനം പുതച്ച് ഞാനിരിക്കുന്നു.
എനിക്ക് ഭയമാണ്.

Content Highlights: Malayalam Poem By PK Parakkadavu