റക്കെയൊരലര്‍ച്ച... 
മുക്കല്..കിതപ്പ്
എലിക്കുഞ്ഞിന്റോളം പോന്നൊരു പീയം
ഇങ്ങനെയൊക്കെയങ്ങ് 
പെറ്റുവീണോളും ന്ന് 
കരുതിത്തൊടങ്ങ്യേതാണ് പെണ്ണ്.
കെട്ട്യോനെം കെട്ടിപ്പിടിച്ച് പെണ്ണാണെന്ന്,
എണ്ണക്കറുപ്പും വല്യേ കണ്ണും 
ചുരുണ്ട മുടീം ന്ന്  
കിനാവുകണ്ട രാത്രി തന്നെ 
ഓക്കാനിച്ചോള്.
ഓക്കാനമങ്ങനെ കൊടലും കടന്ന് 
ഭൂമിപാതാളത്തോളം ആണ്ടാണ്ടു പോയി.. 

വയറ്റിലും കാല്‍ വണ്ണേലും 
രാത്രീം പകലും
ഒരുമിച്ചുരുണ്ടുകൂടിക്കനത്ത് 
കടഞ്ഞോണ്ടിരുന്നു.
'കടഞ്ഞ കാലാണേല് ചന്തേക്കൊടുക്കാടീ..' ന്ന് 
പഴന്തമാശ പറഞ്ഞോരോട് 
കുടിച്ചിറക്കീം ന്ന്ട്ടും ദഹിക്കാണ്ട് 
തുപ്പിക്കളഞ്ഞും പെണ്ണ് വയറുതടവി.

ഏന്തിയുമുന്തിയും 
കക്കൂസില്‍ പോണ പോക്കില് 
തുണീന്റുള്ളിലൊരു പല്ലിവാലുകണ്ട് 
ഓള് പേടിച്ചു..
പേറ്റുപുരാണോം പിറുപിറുത്ത് 
ഓന്റെ തള്ള തലയ്ക്കടിച്ച് നെലോളിച്ചു.
'ശകുനം തെറ്റ്യേട്യേയ്..
തള്ള്യോ പുള്ളയോ ദൈവങ്ങളേ..'ന്ന്
ഒരുപിടി തീ വാരി ഓളെ വയറ്റിലിട്ടു.
തീയാളിപ്പിടിച്ചു പെണ്ണിന് 
അടിവയറും കടഞ്ഞു.

'പുള്ളയിങ്ങ് പോന്നോട്ടേ..'ന്നും പറഞ്ഞ്
കുറ്റിച്ചൂലും അലക്കുകല്ലും കാണിച്ച്
പുരാണത്തള്ളേം 
നാട്ടിലെ പ്രസിദ്ധപ്പെട്ട 
പേറ്റുപുരാണികളും വേദാന്തിച്ചു. 
പെണ്ണിനൊടുക്കം ഉടലുമുയിരും
ഉഷ്ണിച്ചു കടഞ്ഞു.

വയറുന്തിപ്പെറാറായപ്പൊ 
' ചെക്കന് തന്തേന്റെ മോറ് ണ്ടാവും' ന്ന്  
പുരാണിച്ചികള് കണ്ണിറുക്കി.
പെറ്റങ്ങട്ട് ചത്താമതീന്നായിപ്പോയി
അന്നേരം തൊട്ടങ്ങട്ട്..
പേറ്റുപായില്‍ കിടന്ന് 
പ്രളയമുണ്ടാകുന്നതും
അരക്കെട്ടൊലിച്ചു പോണതും 
ഓള് കണ്ടു.

മേല്‍ശ്വാസം..കീഴ്ശ്വാസം 
ഒടുക്കത്തിലോള് ചാവുകണ്ട്
പെറ്റെണീറ്റു.
'ചെക്കന് തന്തേന്റെ മോറെന്നേ..' ന്ന് 
തള്ളപ്പുരാണി ചിരിച്ചു തുള്ളി.
ആദ്യത്തെ മറുവന്നപ്പളും 
തന്തേന്റെ  മുതുകിലെ 
ആദ്യത്തെ മറുകെന്ന് തഴുകി.

പാല്‍ക്കനം കുറഞ്ഞ 
മുലക്കണ്ണു വലിച്ച് 
തൊണ്ടകാറിക്കരഞ്ഞപ്പൊ 
'ഓന്റെ കൂറ്റ്' ന്ന് നിശ്വാസപ്പെട്ടു.
മുടി കനപ്പെട്ടപ്പൊ 
ഓനിങ്ങനത്തെ മുട്യേരുന്നു ന്ന് 
അയല്പക്കത്ത് വിളിച്ചോതി.
ചെക്കന്റെ ചൊല്ലും പല്ലും 
നഖോം തൊലീം -
തന്തേം തറവാട്ടിലെ കാര്‍ന്നോന്മാരും എണ്ണം പറഞ്ഞു വീതിച്ചെടുത്തു.

തന്റെയടയാളം തെരഞ്ഞു തെരഞ്ഞു
പെണ്ണിന്റെ കണ്ണു പൊകഞ്ഞു
പൊകഞ്ഞ കണ്ണും തൊറന്നുപിടിച്ചൊരു
മുതുപാതിരയ്ക്ക് 
ചെക്കനേം ഒക്കത്തിട്ട് 
ഓളിറങ്ങിയങ്ങട്ട് നടന്നു.
പോണപോക്കില്‍ 
ചെക്കന്റെ തന്തപ്പേരും, വേരും,
താവഴി ദൈവങ്ങളും 
മണ്ണിളകി ചെരിഞ്ഞുവീണതു നോക്കി
ചെക്കനുമമ്മേം ചിരിച്ചുമറിഞ്ഞു.

Content Highlights: Malayalam poem by Likhitha Das