ഭ്രാന്തുവറ്റുമ്പോള്‍ ബാക്കിയാവുന്നത് 
ഉണങ്ങിയ ഞരമ്പുകള്‍ക്കിടയിലെ 
ദ്രവിച്ചടരാറായ
ശല്‍ക്കങ്ങളാണ്. 

അവിടെ...

അദൃശ്യമായ ഉമ്മനിറങ്ങള്‍
രൂപമില്ലാതലയുന്നുണ്ടാവും

ചുവപ്പ്‌നീലിച്ച 
കണ്‍തടങ്ങള്‍
ഉറക്കമന്വേഷിക്കുന്നുണ്ടാകും

ചിലമ്പിച്ച സ്വനപേടകം
വരണ്ടുകീറിയിട്ടുണ്ടാകും

അമാവാസികള്‍ക്കു കുറുകെയൊരു 
മിന്നല്‍പിണര്‍
ധൃതിവെച്ചോടിയിട്ടുണ്ടാകും

കൂടുവിട്ടിറങ്ങിയ വേട്ടാളന്മാര്‍
ഉന്മാദമുണ്ടുറങ്ങിയിട്ടുണ്ടാകും.

കോമരവാളാല്‍ വെട്ടിയ 
വടുവിന്‍ ചലത്തില്‍
പാമ്പിന്‍മാളങ്ങളുണ്ടാവും.

അമര്‍ന്നുപതിഞ്ഞ പെരുവിരല്‍ക്കുഴിയില്‍
സ്നേഹപ്പാടകള്‍ മുറ്റിയിട്ടുണ്ടാകും.

നിലയുറയ്ക്കാത്ത മരംകൊത്തികള്‍ 
പ്രാഞ്ചിവളഞ്ഞ്
അസ്ഥിതുളയ്ക്കുന്നുണ്ടാകും.

അഴുകിയൊഴുകുന്ന ഓര്‍മ്മയോളങ്ങള്‍
കരയ്ക്കടുക്കാതെ തുഴയുന്നുണ്ടാകും.

വറ്റിയ ഭ്രാന്തിന്റെ വക്കിലേക്ക് 
ആഴക്കിണറുകള്‍
കൈനീട്ടുന്നുണ്ടാകും.

ഭ്രാന്തുവറ്റുമ്പോള്‍ ബാക്കിയാവുന്നത് 
ശൂന്യതയിലേക്കാഴ്ന്നിറങ്ങുന്ന കാണാവേരുകളാണ്...

Content Highlights: Malayalam Poem By Deepa Santhosh