റക്കമെങ്ങോ വിരുന്നു പോയതാണ്
മമ്മ പറയുന്നത് പോലെ
ഉറക്കത്തിന് രണ്ട് സാധ്യതകളാണ്
മാലാഖയുടെ കൂടെയോ
ചെകുത്താന്റെ കൂടെയോ......
ഓര്‍ത്തോര്‍ത്തു ഉറങ്ങിപ്പോയി
അന്ന് മാലാഖയുടെ കൂടെയായിരുന്നു
നിറയെ മേഘതുണ്ടുകള്‍
അങ്ങിനെയങ്ങിനെ.....
യുദ്ധം വരിക പെട്ടന്നാണ്
ടിവിയില്‍ ടോം ജെറിയെ പിടിക്കുകയായിരുന്നു
പിടിച്ചു പിടിച്ചില്ല എന്ന പോലെ
മമ്മയുണ്ടാക്കിയ ചോക്ലറ്റ് മഫിന്‍സ്
തെറിച്ചു വീഴുന്നു
മമ്മയും
ചോക്ലറ്റ് പുഴയുടെ നടുക്ക് ചുമപ്പ് നിറം
പുറത്ത് സൈക്കിളില്‍
മൈക്കിള്‍ നിശബ്ദനായി പിടിച്ചിരിക്കുന്നു
അവനോട്
പുറത്തിറങ്ങരുതെന്നു പറഞ്ഞ
മമ്മ ആദ്യം പോയപ്പോള്‍.....
നിറയെ ചൂടുവെള്ളം നിറച്ച ടബ്ബില്‍
ഡാഡി ചിരിച്ചു കിടന്നു
മരിച്ചു പോവുക എന്തെന്ന്
നമുക്കറിയില്ലെന്ന്
ആരോ പറഞ്ഞതോര്‍ത്തു
പെട്ടന്നാരോ കോരിയെടുത്തു
ഇന്നത്തേക്കിവള്‍ മതിയെന്ന് പറയുന്നു
അയാളുടെ കറുത്ത ബൂട്ടുകള്‍
ഒരു ബോളിനെ തട്ടികളയുന്നു
മഞ്ഞനിറമുള്ള ബാന്‍ഡ് വെച്ചൊരു
കുഞ്ഞുബോള്‍
മെഷീനില്‍ കുരുങ്ങികിടക്കുന്ന
മഞ്ഞയുടുപ്പ്
ഇനിയൊരിക്കലും വരാത്ത
എലന്റെ പിറന്നാള്‍ ദിനങ്ങള്‍
അവളെ വിട്ടേക്ക്
എന്ന് പറഞ്ഞു മരിയ ഓടിവരുന്നു
പതുക്കെ കണ്ണുകളടച്ചു
പുറകില്‍ ഒരു ഞെരക്കം മാത്രം
ഉറങ്ങാന്‍ തോന്നി
പിന്നെയും കണ്ണുകളടച്ചു
മാലാഖ വരുന്നില്ല
പിന്നെയും പിന്നെയും കണ്ണുകളടച്ചു
മാലാഖ വന്നതേയില്ല..

Content Highlights: Malayalam Poem by  Aswathy Plackal