പാടവരമ്പത്തെ 
ചേറില്‍ മുളച്ച
പതിരില്ലാ കൊഞ്ചലുകള്‍
ചിതറിയ കുപ്പിവളകളിലെ
ചിരിപ്പൊട്ടുകള്‍

പ്രണയം ശ്വാസംമുട്ടിമരിച്ചിട്ട്
നാലാംനാള്‍
ശവപ്പെട്ടിയില്‍ അവള്‍ വീണ്ടും ജനിച്ചു
ഓര്‍മ്മചുഴികളില്‍
നട്ടുവളര്‍ത്തിയ
നെല്ലിമരത്തിന്‍ ഇലപഴുത്തു
ചവര്‍പ്പുകൂടിയ നെല്ലിക്ക
പൊഴിയാന്‍ തുടങ്ങിയപ്പോള്‍
ഊന്നുവടിയാക്കിയ
വിലാപഗാനങ്ങളില്‍
ഒളിപ്പിച്ചു കാല്‍ത്തളയൊച്ചകള്‍

നിലം തൊടാതെ
ഓടിക്കൊണ്ടിരുന്ന
നിഴല്‍പ്പാടുകളെ
കൂട്ടിയിട്ടുകത്തിച്ചു
ചിതാഭസ്മത്താല്‍
നിറമില്ലാത്ത മരക്കൂടില്‍
ചായംപൂശി, കറിക്കൂട്ടുകള്‍ക്ക്
ഉപ്പിന്‍രുചി പകര്‍ന്നുകൊണ്ടിരുന്നു

ഉറുമ്പരിച്ച ചുണ്ടുകള്‍
യാത്ര അവസാനിപ്പിച്ച്
തിരികെ മാറാലകള്‍ക്കിടയില്‍
ബാക്കിയായ രണ്ടു
ചിലന്തിക്കാലുകള്‍ നീര്‍ത്തിക്കിടന്നു

Content Highlights: Malayalam Poem by Anupriya