ജാഗ്രതയോടെയിരിക്കണം
പേടിയ്‌ക്കേണ്ട എന്ന് കരുതി...
പേടിയില്ലാത്ത ജാഗ്രത
അലസം നടന്നപ്പോള്‍ 
മുഖകവചങ്ങള്‍
പേരിനു മാത്രമായി
എങ്ങെങ്ങും
ആഘോഷങ്ങള്‍
വിപണനങ്ങള്‍
കെട്ടിപ്പിടുത്തങ്ങള്‍...
പാരതന്ത്ര്യം താഴിട്ടു
പൂട്ടിയ
കുറച്ചു മാസങ്ങളുടെ
കടം വീട്ടാനെന്ന പോല്‍
മത്സരിച്ചു...
ഒത്തു കൂടാന്‍,
കടല് കാണാന്‍,
ആണ്ടറുതികള്‍
കെങ്കേമമാക്കാന്‍...
വീണ്ടുമറിഞ്ഞു
ജാഗ്രത മാത്രം പോരാ
പേടിയോടിരിക്കണം
പതയുന്ന സോപ്പില്‍
ജീവിതം പൊലിയുന്ന
കുഞ്ഞു രാക്ഷസന്‍
നിരവധി ജന്മങ്ങളെ
തട്ടിയെടുക്കുന്നു...
എങ്ങും 
പ്രാണവായു തേടി
ഓടുന്ന മനുഷ്യ രൂപങ്ങള്‍...
പിടഞ്ഞു തീരുന്നു
യൗവ്വനങ്ങളും...
ദൃഷ്ടിഗോചരങ്ങളല്ലാത്ത
വിരലിലെണ്ണാന്‍ മാത്രം
നിമിഷങ്ങള്‍ ആയുസ്സുള്ള
നമ്മളായ്
പോറ്റി വളര്‍ത്തിയ 
വകഭേദങ്ങള്‍ 
ഇനിയും...ഇനിയും...
പാതിവഴിയില്‍
കുഴഞ്ഞു വീഴുന്ന
തങ്ങളുടെ പ്രാണന്റെ
പ്രാണനെ നോക്കി
എങ്ങനെ ചിന്തിക്കും
പ്രകൃതി
സംതുലനം
നടത്തുകയാണെന്ന്....

Content Highlights: Malayalam poem by Anupama Kallingal