ന്നുകാലികള്‍ കുത്തിനിറച്ച് 
ഒരു ചരക്ക് വണ്ടി വടക്കു നിന്നും

മരത്തടികള്‍ അടുക്കടുക്കായ് 
ഒരു ചരക്ക് വണ്ടി തെക്ക് നിന്നും

രണ്ട് കാഴ്ചകള്‍
ഒറ്റ ഫ്രെയിമില്‍
ഒറ്റ ഭാവം 

തെക്കേ മരച്ചൂരും
വടക്കേ മാട് ചൂരും
ഇടതു വലതു 
വശങ്ങളിലൂടെ
ഒറ്റ കാറ്റില്‍       
അങ്ങോട്ടും ഇങ്ങോട്ടും 
പോയി

അതിര്‍ത്തി ചെക്ക് പോസ്റ്റില്‍
കടയറുക്കപ്പെട്ട മരങ്ങളും 
തലയറുക്കപ്പെടാന്‍ പോവും 
മൃഗങ്ങളും
അഭിമുഖമായി നില്‍ക്കേ
മരണത്തേയും ജീവിതത്തേയും 
കുറിച്ച് തങ്ങള്‍ക്ക് മാത്രമറിയാവുന്ന  
ഭാഷയിലവര്‍ പരസ്പരം
എന്തുകൊണ്ടോ
സംസാരിച്ചിട്ടുണ്ടാവാം

രണ്ട് വണ്ടികളും
തെക്കോട്ടും
വടക്കോട്ടും
അകലേയ്ക്കകലേയ്ക്ക്
മറയുമ്പോള്‍ 
ഞാന്‍
അങ്ങോട്ടുമിങ്ങോട്ടും
മാറി മാറി
നോക്കിക്കൊണ്ടേയിരുന്നു

സൂര്യന്‍ അസ്തമിക്കാന്‍ 
തുടങ്ങി
ഒരസ്തമയത്തിന്റെ
വക്കിലെന്നോണം ഞാനും

Content Highlights: Malayalam poem by Anish Haroon Resheed