ലറുന്നു *മണ്ണൂകാരന്‍
ആര്‍ത്തുചിതറുന്നു
''മണ്ണേ നമ്പിലേലയ്യാ
മരമിറുക്ക്
ഇന്ത മരത്തേ നമ്പിലേലയ്യാ
മണ്ണിറുക്ക്
മണ്ണുക്കും മരത്തുക്കും
നമ്പിലേലയ്യാ
ആരിറുക്ക്...?
മണ്ണില്ലയേ
മരമില്ലയേ
കാടില്ലയേ
കുടിയില്ലയെ
എങ്ക ഊരില്ലയേ
മല്ലീശരാ നീയിരുക്കാ...?''

മല്ലീശരന്‍ കല്ലായി
കല്ല് മിണ്ടാണ്ടായി
കാടുണങ്ങി
മഴ മരിച്ചു
കാറ്റില് തീപൂക്കള്
ചോന്നു മലര്‍ന്നു.

മാരിയമ്മ തീണ്ടാരിയായി
മുടിയഴിച്ചു തുള്ളി
മലതൈവങ്ങള്
മലയ്ക്കപ്പറം
ഓടിമറഞ്ഞ്.

ഇരുളരുടെ
മുഡുകരുടെ
കുറുമ്പരുടെ
പഴംപാട്ടില്‍
ഉരുളുപൊട്ടി
കല്ലിളകി
കൊടുങ്കാടലറി.

കുടിലൊഴുകി...
പട്ടിണിയെല്ലാടോം
വിത്തുവിതറി
അമ്മ കരഞ്ഞു,
''അപശകുനം...
നാട്ടാര് വരണോണ്ട്
കുലം മുടിക്കാന്‍''.
പിള്ളേര് വാവിട്ടുകരഞ്ഞു,
''നമ്പിക്കയില്ലൈ...'

കാറ്റില്‍
മലങ്കാരി തൈവങ്ങള്‍
ഊരാകെ
തുടികൊട്ടി
പാടിനടന്ന്
''നമ്പിക്കയില്ലൈ...''.

അട്ടപ്പാടി മലയിലെ
പെരുംകല്ലില്‍
മണ്ണൂക്കാരന്‍
തലയറഞ്ഞു
നിണംവാര്‍ത്തു
പിടഞ്ഞല്ലോ...
കാട്ടിലെ മരങ്ങളെല്ലാം
കണ്ണീര്‍വാര്‍ത്തല്ലോ
ചാലായിട്ടൊഴുകിയല്ലോ,
പാടിയിലെ
കുലതൈവം
കല്ലല്ല
പൂതമല്ല
ആദിഗോത്രപ്പെരുമാളുമല്ല!

പിന്നെയാരാണു ചാമീ?
കുഞ്ഞുകിളികള്‍ തേങ്ങി.

കാടിറങ്ങി
മലയിറങ്ങി
കാല്‍സറായിയിട്ട
ചേട്ടന്‍ ചിരിച്ചോണ്ട് നിന്ന്
കാല്‍സറായിയഴിച്ചു
മുണ്ടിട്ടു
മുണ്ടിന്നു പലനിറങ്ങളിട്ടു
കണ്ടുനിന്നോരുടെ
കണ്ണുതള്ളി
പുതിയ മുഖം
രൂപം
സ്വരം, ഭാഷ!

''മല്ലീശ്വരന്‍
നമ്മുടെ പരാശക്തി
ആദിമഹാശക്തി
ആര്‍ഷസംസ്‌കാര നാഥന്‍
ആര്യദ്രാവിഡസംസ്‌കാരത്തിന്‍
സര്‍വ്വകലാശാല!

അട്ടപ്പാടിയൊരു
പ്രാക്തനാസംസ്‌കാരത്തിന്‍
ബാക്കിപത്രം,
ഇരുളരും
മുഡുകരും
കുറുമ്പരുമെല്ലാം
ഗോത്രവര്‍ഗ്ഗത്തിന്‍
തിരുശേഷിപ്പും...

നിങ്ങളോ ഗോത്രവര്‍ഗ്ഗം
റാകി വേണ്ട
ചാമ വേണ്ട
കറുത്ത തൊലിയുടെ
ധാര്‍ഷ്ട്യവും വേണ്ട
ഊരുതീര്‍ത്ത വ്യവസ്ഥയും,
നെഞ്ചില്‍
വാരിക്കോരിയിട്ട
കാട്ടിലെ മണ്ണിലെ
പോഷകവും വേണ്ടിനി.

നിങ്ങള്‍ക്കീ
മുഖ്യധാരയിലെ
ആധുനിക ജീവയന്ത്രം
തീര്‍ത്ത മന്ത്രമുണ്ട്
ഉപഭോഗരീതിയുണ്ട്,
നിങ്ങടെ കാട്ടുതേനും
തെനയും പാലും പഴവുമിനി
ഞങ്ങള്‍ക്ക്!

ചൊല്കവേണ്ടിനി
നിങ്ങളൊരു മന്ത്രവും
നിങ്ങടെ കരടിയാട്ടവും
മരപ്പൂജയും
മൃഗബലിയും വേണ്ട.
അവയെല്ലാം
കാടത്തം കാട്ടാളം
അപരിഷ്‌കൃതം
അനാധുനികം
അപുണ്യം!

നിങ്ങടെയാണുങ്ങള്‍
കുടിച്ചു മദിച്ചു
മറക്കട്ടെ പാരമ്പര്യം.
പെണ്ണുങ്ങളോ
ഭോഗിനികളാകട്ടെ
ഞെരിഞ്ഞുടയട്ടെ
മുലകളും മൂല്യങ്ങളും.
മാസം തികയാതെ
പെറട്ടെ
ചാപിള്ളകളെ.

നിങ്ങടെ കുഞ്ഞുങ്ങളോ
ഞങ്ങളെക്കണ്ടു പഠിക്കട്ടെ
അടിമകളാകട്ടെയവര്‍
പുരോഗമനത്തിന്റെ
ചലിക്കും
വക്താക്കളാകട്ടെ
ലോകമതുകണ്ടു
കയ്യടിക്കട്ടെ''.

തലകളാടി
കണ്ണുകള്‍ താണു
മണ്ണോളം
കൈകള്‍ കൂമ്പി.
''ആകട്ടെ തമ്പ്രാ...'
ആദിയിലെ
ദിശതെറ്റിയ വചനം
ഭൂമിയില്‍ ചലമായൊഴുകി.

നാടുടയോന്‍ തുടര്‍ന്നു,
കാടൊഴിയുക
മലയൊഴിയുക
പുഴയൊഴിയുക
മണ്ണൊഴിയുക
നിങ്ങടെ പാടിയൊഴിയുക...
മല്ലീശരന്‍ കാവിലെ
കല്ലല്ല
കാണുകയിതു
ഞങ്ങള്‍ തീര്‍ത്ത ലിംഗം
ശിവലിംഗം!

കാണുകയീ പുരുഷലിംഗം
സ്വാര്‍ത്ഥലിംഗം
അധികാര ലിംഗം
ആധുനിക ലിംഗം
മുഖ്യധാരാലിംഗം,
മല്ലീശരന്‍ കാവോ
പുണ്യപുരാതനം!

തുറക്കുക
നിങ്ങളുടെ
യോനീമുഖം
ഇനിയീ ലിംഗപ്രതിഷ്ഠയാല്‍
നിങ്ങടെ ചേതനയും
ചോദനയും
സ്വത്വവും
വിലയിക്കട്ടെ ഞങ്ങളില്‍,
ഞങ്ങടെ മഹാക്ഷേത്രങ്ങളില്‍...

ഇതുകേട്ടു
മലമോളിലെ കല്ലിളകി
താഴെ,
മരത്തിന്റെ തായ്വേരിളകി
മഴയുടെ
കടിഞ്ഞാണുടഞ്ഞു.
എങ്ങുന്നോ
മണ്ണൂകാരന്റെയാത്മാവു
മന്ത്രിച്ചു
''നാങ്കളും ഇപ്പി മലൈമക്കള്‍''.

*മണ്ണൂകാരന്‍- ഗോത്രവര്‍ഗ്ഗത്തിലെ ദൈവങ്ങളെ പ്രീതിപ്പെടുത്തുവാന്‍ നിയോഗിതനായ ആള്‍

Content Highlights : malayalam poem by ajay narayanan