വന്‍
ഇറങ്ങിയിട്ടുണ്ട്
അവസാനത്തെ അവതാരം...
അന്തിക്രിസ്തുവായി
കല്‍ക്കിയായി
അവധൂതനായി ചുറ്റിത്തിരിയുന്നുണ്ട്!

കരിമ്പടം പുതച്ചു
കൊടുംകാറ്റ് പോലെയവന്‍
അലയും
ജഠരാഗ്‌നിയായ് വിളയും
മഹാപ്രളയമായ് പടരും
ഞങ്ങടെ നെഞ്ചിലുരുള്‍പ്പൂക്കളായ്  വിടരും...

മണ്‍ത്തരികളെ വാല്‍നക്ഷത്രങ്ങളാക്കി
ആകാശമാകെ വിതറും
തിരമാലകളെ കയത്തിലെറിയും
കരയില്‍ മുളക്കണ
പെണ്‍മീന്‍ക്കുരുന്നുകളെ
കടലിലെറിയും...

അവരിറ്റു
ശ്വാസത്തിനായിപ്പിടയും
പൊള്ളലേറ്റ്
ആണ്‍ക്കിടാങ്ങളലറും...

നിലാവിനെ കാര്‍മേഘങ്ങള്‍ക്ക്
നീഹാരമാക്കും
കനവുകള്‍ കാണാതെ യൗവനം
പ്രക്ഷുബ്ധമാകും
വിചാരങ്ങളക്ഷരം തേടിനടക്കും   
വികാരങ്ങളഗ്‌നിയില്‍
പാറിപ്പറക്കും
സുന്ദരികള്‍ വന്ധ്യകളാകും
പുരുഷന്റെ വാരിയെല്ലില്‍  
നവബോധധാര നിറയും...

സൂര്യനെ കടലില്‍ വലിച്ചെറിയും
മരുഭൂമിയില്‍ പൂക്കളം തീര്‍ക്കും
പൂന്തിങ്കള്‍ നനഞ്ഞു കത്തും
ഭൂമി രജസ്വലയാവും
ആ രുധിരക്കുളത്തിലാടിക്കളിച്ചവന്‍  
ദാരികസൃഷ്ടികള്‍ തീര്‍ക്കും

അതിലൊരുവനെ കാളി വേള്‍ക്കും
അവര്‍ പടയണി
യുഗ്മഗാനമായ് പാടും
അതു കേള്‍ക്കാന്‍
ഇവിടെയുണ്ടിപ്പൊഴും കല്‍ക്കി
നിശ്ശൂന്യത താളം തെറ്റിച്ച കണ്ണുമായ്...  

പിന്നെയൊരു ശാന്തതയാണ്...
ഒടുവിലവന്‍ വന്നതുപോലെ മറയും!
അവന്റെയവതാരത്തിനു നിദാനമായ്
കുടിലിന്റെ
ഈശാനകോണിലായ്
ബാധപോലെ
അവന്റെ കറുത്ത കരിമ്പടം കാണും
അതില്‍ ചുരുണ്ടുകൂടി
കിടക്കുന്നുണ്ടാകുമെന്റെ വ്യഥകളും!

ചുറ്റിലുമായിരമായിരം   
നിഴല്‍ കുഞ്ഞുങ്ങള്‍
മയില്‍പ്പീലിത്തുണ്ടുകളില്‍ നിന്നും
മുറിഞ്ഞു വീഴുന്നുമുണ്ടാകും
എന്റെ നെഞ്ചിലോ

അവന്‍ കോറിയിട്ട
ജാതകം   
താണ്ഡവനൃത്തമാടും
എനിക്കിനി
സ്വച്ഛന്ദമൃത്യുവാകാം...!

Content Highlights: Malayalam Poem by Ajay Narayanan