മുത്തിയമ്മ മുട്ടയിട്ടു
മുട്ട പൊട്ടി പൂ വിരിഞ്ഞു
മുത്തീടെ ചുണ്ടിലൊരീണം നിറഞ്ഞൂ 
രാരീരോ... വാവേ വാവോ...

നേരിന്റെ തേനൂറും 
കുഞ്ഞിളം ചുണ്ടുള്ള 
കോഴിക്കുഞ്ഞ്
പൂവാംകുരുന്നായ് വിരിഞ്ഞ സ്വപ്നം  
ഇന്നലെ 
മുട്ടയ്ക്കകത്തൂന്ന് വന്ന കുഞ്ഞ്!

ഇന്ന് 
മുട്ടേലെഴഞ്ഞു തുടങ്ങി പെണ്ണ് 
മെല്ലേ നടന്നു പഠിച്ചു പോലും 
പിന്നെ ഓടിത്തുടങ്ങീയവള്‍   
നില്‍ക്കാതെ നിര്‍ത്താതെയോടി
പേടമാന്‍ കുഞ്ഞിന്റെയോട്ടം...

പിന്നാലെയൊരു കൂട്ടമുണ്ട്
മുട്ടയിടാത്ത കൂട്ടം 
മുഖമില്ലാത്ത ഒരു കൂട്ടം 
കോഴിക്കുരുന്നിന്റെ പിന്നാലെ
പായുന്ന കൂട്ടം
കാര്യമറിയാത്ത കൂട്ടം
കഥയറിയാതെ
നിലാവിനു പിറകെ
കുഞ്ഞിളം തൂവലില്‍ പടരുമോ നിഴലുകള്‍...

മാന്‍കുഞ്ഞ് നിര്‍ത്താതെ ഓടി!

വഴിയരികില്‍, 
കണ്ണു കാണാത്തവന്‍ 
ചൂട്ടു കത്തിച്ചു തപസ്സിരിക്കുന്നവന്‍ 
റിപ്പബ്ലിക്കെന്ന മന്ത്രം പാടുന്ന 
ഡയോജനസ് എന്നു പേരുള്ള
കോങ്കണ്ണന്‍ വൃദ്ധന്‍ ചോദിച്ചു
എന്താണ് കാരിയം പൂവേ...?

വിറയാര്‍ന്ന ചുണ്ട് പിളര്‍ത്തി
കുഞ്ഞു വിതുമ്പി...
ആകാശം ഇടിഞ്ഞു വീഴുന്നു
ഭൂലോകം പിളര്‍ന്നു മാറുന്നു
സൂര്യന്‍ കരിഞ്ഞുണങ്ങുന്നു
എന്റെ മാനം 
പൊടിഞ്ഞു തകരുന്നു...

ഇതുകേട്ട്,
കൂടെക്കിടന്ന പ്രതിമയെ പറിച്ചുമാറ്റി
ചൂട്ട് തല്ലിക്കെടുത്തി  
പാതിയഴിഞ്ഞ ഉടുമുണ്ട്
വാരിയുടുത്ത് 
നീട്ടിത്തുപ്പി 
ഡയോജനസ്
വലിഞ്ഞു നടന്നു
ആള്‍ക്കൂട്ടത്തില്‍
അലിഞ്ഞുറഞ്ഞു...

പുഴ അപ്പോഴും ഒഴുകി
മലകള്‍ തേടി
മണ്ണുതേടി
വേരുകള്‍ തേടി...

മുട്ടകള്‍ ഇനിയും വിരിയാനുണ്ട്!

Content Highlights: Malayalam Poem By Ajay Narayanan