മുഖത്തടിച്ച പോൽ ചെളി,തുടച്ചിട്ട്
കുതിച്ച് പായുന്നോരശ്രദ്ധയെ പ്രാകി

ഒരിയ്ക്കലങ്ങനെ പറഞ്ഞതിന്നെച്ചിൽ
കരിഞ്ഞനാക്കില പൊതി വിളമ്പുന്നു

മറുകുറി ചൊല്ലാൻ മറന്നെഴുത്തുകൾ
പരേതരായ് വെള്ള മറച്ചൊടുങ്ങുന്നു

കണക്കുതെറ്റിയ പരീക്ഷപേപ്പറിൻ
വിളർമുഖം,ഇന്നും ഉറക്കം ഞെട്ടുന്നു

വിവേക മാസ്കിട്ട് മെഴുതിരിയൂതും
വൃഥാപ്രയത്നം തൻ കണക്കെടുക്കുന്നു

ഇതേപടിയേറെ അബദ്ധപഞ്ചാംഗം
ഗണിച്ചെടുക്കിലും അകംവിചാരങ്ങൾ
ഒരു തരി നേരിൻ കനപ്പിലും വീണ്ടും
മധുരമുന്തുന്ന ഉറുമ്പുപറ്റമായ്...

Content Highlights : Madhuraneerasam Malayalam Poem Written by Prasad Kakkassery