ക്ഷമിച്ചുകള.
നമ്മൾ പിരിയാൻ തീരുമാനിച്ച് പുറത്തു പോയ
ആ സായാഹ്നത്തിൽ
ഞാൻ മറ്റൊരുത്തനെ ചുംബിച്ചു.

ക്ഷമിച്ചുകള.
നീ നിനക്കായി ബാക്കി വെച്ചിരുന്ന ബക്കാർഡി
ഞാൻ ഊറ്റിക്കുടിച്ചു കുപ്പി കാലിയാക്കി.

ക്ഷമിച്ചുകള.
നമ്മുടെ രഹസ്യങ്ങളെല്ലാം കവിതയാക്കി
എന്റെ പ്രസാധകന് കൊടുത്തു.
പുസ്തകത്തിൽ നിനക്ക് നന്ദി പറഞ്ഞിട്ടില്ല.

ക്ഷമിച്ചുകള.
ചത്തുപോയ പൂച്ചയുടെ വീഡിയോ എടുത്തു
നിന്റെ പേരിട്ടു യൂ ട്യൂബിൽ കൊടുത്തു.
നിന്റെ പേര് ഗൂഗിൾ ചെയ്തു നോക്ക്.

ക്ഷമിച്ചുകള.
നമ്മൾ ഒന്നിച്ചുള്ള ഫോട്ടോകളെല്ലാം
ഫേസ്ബുക്കിലും വാട്സ്അപ്പിലും
ആൻഡ്രോയ്‌ഡിലും ജീമെയിലിലും
ഡിലീറ്റ് ചെയ്യുന്തോറും വന്നുകൊണ്ടേയിരിക്കുന്നു.

ക്ഷമിച്ചുകള.
നമ്മൾ ഇതിനു മുമ്പ് പിരിഞ്ഞപ്പോൾ,
നിന്റടുത്തു മടങ്ങി വരാൻ പാടില്ലായിരുന്നു.

ക്ഷമിച്ചുകള.
നീ സംശയിക്കുന്ന ആളുമായി ഒരു ബന്ധവും ഇല്ല.
നീ സംശയിക്കാത്ത മറ്റൊരാളെ
നിന്നെക്കാൾ എനിക്കിഷ്ടമാണ്.

ക്ഷമിച്ചുകള.
നീ എന്നെ ചെകിടത്തു അടിച്ചപ്പോൾ
വിരലിൽ മോതിരമുള്ളത് ഓർക്കാതെ
ഞാനും നിന്നെ അടിച്ചു.
പാട് കാണുന്നെങ്കിൽ ടാറ്റൂ ചെയ്തോ
പുറമേക്ക് കാണില്ല.

ക്ഷമിച്ചുകള.
ഒറ്റയ്ക്ക് ഉറങ്ങാൻ കഴിയില്ല എന്ന ഒറ്റക്കാരണത്താൽ
നിന്നെ തിരഞ്ഞെടുക്കാൻ പാടില്ലായിരുന്നു.

Content Highlights: Kshamichukala Poem Written by Leena Manimeghala Translted by Rash Ravishankar N