1
കടുംകാപ്പിയടുപ്പത്ത് 
തിളയ്ക്കുംമുമ്പുമിക്കരി-
ചിരട്ടക്കുള്ളില്‍ നിന്നല്പ -
മുള്ളംകയ്യിലെടുത്തയാള്‍ 

ഉറങ്ങും കൊച്ചുപിള്ളേര്‍ക്കു -
മേലേ കാലുമുയര്‍ത്തിവെച്ചി -
റങ്ങി ആറ്റുതേക്കിന്റെ 
നിഴലില്‍ ചെന്നു നില്‍ക്കയായ്. 

കൊതുമ്പും മടലും നീറി -
ക്കത്തും പുകയില്‍ നിന്നവള്‍ 
മെലിഞ്ഞ കൈകളില്‍ കാപ്പി 
നീട്ടി വന്നു വിളിയ്ക്കവേ. 

തലേന്നു തമ്മിലുണ്ടായ 
തര്‍ക്കം വീണ്ടുമോര്‍ത്തയാള്‍ 
പല്ലിറുമ്മി, പണിസഞ്ചി-
യെടുത്തു കൊണ്ടുപോകയായ്. 

പച്ചവര്‍ണം തേച്ചുവെച്ച
പ്രതലത്തില്‍ വരച്ചതാം 
കറുപ്പന്‍ ബിന്ദുവെന്താണെ -
ന്നെത്തിനോക്കിയഹസ്‌കരന്‍ 

2.
വിരിപ്പും പുഞ്ചയും താണ്ടി, 
പാണ്ടനാട്ടുള്ള പള്ളി തന്‍ 
വെളുപ്പ് ലക്ഷ്യമായ്ക്കണ്ടു 
വേഗം പോവുകയാണവന്‍ 

പോയവാരം ചില്ല കോതാന്‍
പറഞ്ഞേല്പിച്ച വീട്ടിലേ-
ക്കലസം ചെന്നു ചേരുമ്പോള്‍, 
ആഹ്ലാദിക്കുന്നു വീട്ടുകാര്‍. 

കിണറ്റിലിലകള്‍ വീണു, 
വെള്ളമാകെക്കറുത്തുപോയ്
അറുത്തു മാറ്റണം മാവിന്‍ 
ചെറു ചില്ലകളൊക്കെയും. 

ഉടുത്തമുണ്ടുരിഞ്ഞിട്ടീ-
രിഴയന്‍ തോര്‍ത്തുടുത്തയാള്‍ 
കൊളുത്തിയിട്ടു കത്താളിന്‍ 
പിടി,യരയിലെ വള്ളിയില്‍ 

അനേകം കയ്കളാകാശ-
ത്തേക്കുയര്‍ത്തിയ വന്മരം, 
പ്രാര്‍ത്ഥിച്ചു നില്‍ക്കയാണപ്പോള്‍ 
മൃതിയാസന്നമാകയാല്‍ 

3.
മല്പിടുത്തത്തിനൊടുവില്‍ 
ശത്രുവിന്‍ കയ്യിലായൊരാള്‍ 
ഒതുങ്ങും മട്ടവന്‍ കയ്യില്‍ 
പിടച്ചീടുന്നു തായ്ത്തടി. 

ശിഖരങ്ങള്‍ ചിന്തകള്‍ പോലെ 
പലതായിപ്പിരിഞ്ഞതാ-
മിടം വെട്ടിയിറക്കാനായ് 
വെട്ടുകത്തിയെടുത്തയാള്‍. 

അകത്തു നിന്നു വെട്ടുന്നോ-
നാതിഥ്യം നല്കുമാമരം 
വിറച്ചു, വെട്ടിരുമ്പിന്റെ 
മൂര്‍ച്ചയുള്ളില്‍ ഇറങ്ങവേ. 

മുന്നോട്ടു നീങ്ങിയാലാഞ്ഞു 
വെട്ടുവാന്‍ വശമാകുമെ -
ന്നുറപ്പിച്ചവനങ്ങോട്ടേ -
ക്കാദ്യത്തെ കാലുയര്‍ത്തവേ ,

കുതറി, ശത്രുവിന്‍ കയ്യില്‍ 
നിന്നൊരഭ്യാസി മാതിരി 
ഇടറി കാലുകള്‍, മാവിന്‍ 
ചെറുത്തുനില്പിലക്ഷണം. 

ചെറുചില്ലകളും,  മാമ്പൂക്കുലയും 
താഴെവീണതില്‍ 
കഴുത്തൊടിഞ്ഞു നിര്‍ജീവം 
കയ്യാലയ്ക്കല്‍ കിടന്നയാള്‍. 

4.
പത്തുപേര്‍ പന്തലിന്‍, ദൂരെ 
നാട്ടില്‍ ബന്ധത്തിലുള്ളവര്‍;
ചത്തുപോയ വിധം ചൊല്ലി -
ക്കുത്തി വീണ്ടും ജഡത്തിനെ. 

ഒപ്പമീ ഞങ്ങളെക്കൂടെ  
കൊണ്ടുപോകെന്നു നെഞ്ചിലേ -
ക്കിടിച്ചേങ്ങലടിക്കുന്നു, 
മെലിഞ്ഞ രണ്ടു കയ്യുകള്‍. 

ചിത കത്തീടവേ, സൂര്യ -
നതു കാണാന്‍ മടിച്ചുപോയ് 
മേഘജാലങ്ങള്‍ തന്നുള്ളില്‍ 
മറഞ്ഞേറ്റം വിഷാദിയായ്. 

പുകഞ്ഞ ചിതയില്‍ നോക്കി 
അമ്മയും മക്കളും കര-
ഞ്ഞുറങ്ങാതെ, ഉമ്മറപ്പടിമേല്‍ 
ഓരോന്നോര്‍ത്തോര്‍ത്തിരിക്കയായ്. 

അവനും രാത്രിയും ചേര്‍ന്നു
വരാറുള്ളൊരു നേരമായ-
വള്‍ തന്‍ കണ്ണുകള്‍ രണ്ടും 
വരമ്പില്‍ ചെന്നിരിക്കയായ് 

അമാവാസി,  അന്ധകാരം, 
കടുംകാപ്പിയൊഴിച്ചപോല്‍ 
ഒഴുകി തോടുകള്‍,  ആഴി 
കാണാനാവേശപൂര്‍വമായ് 

5.

ഉച്ചയായ് ഇളനീര്‍തേടി 
തെങ്ങുകേറി വിഭാകരന്‍. 
ഉറ്റബന്ധുക്കളെല്ലാരും 
ഉപേക്ഷിച്ചു മടക്കമായ് 

ഇടവപ്പാതിയില്‍ക്കേറും 
കിഴക്കന്‍ വെള്ളമെന്നപോ-
ലിറങ്ങിതാണുപോയുള്ളി-
ലവള്‍ക്കുവന്ന ദു:ഖവും 

ആഴ്ചയൊന്നോര്‍മയായ്- 
പ്പിള്ളേരകലെ 
സ്‌കൂളിലേക്കു പോയ്. 
അവള്‍ കെട്ടുവരമ്പിന്മേല്‍ 
അവരെ കാത്തിരിക്കയായ് 

ഒരിക്കല്‍ സ്‌കൂളുവിട്ടോടി
ക്കരഞ്ഞും കൊണ്ടുവന്നവര്‍.
നാരങ്ങാമിട്ടായി വേണം,
അവര്‍ തന്നിലൊരെണ്ണവും 

പകലെല്ലാമോടുങ്ങിപ്പോയ് 
ഇരുട്ടാണിനിയൊക്കെയും , 
എന്നു ചിന്തിച്ചവള്‍  മുറ്റ-
ത്തൊരു കല്ലിലിരിക്കവേ.

ഉദിച്ചു ,ചാഞ്ഞു നില്‍ക്കുന്ന 
കിളിചുണ്ടന്റെ ചില്ലയില്‍ 
അല്ലിനാരങ്ങ മിട്ടായി 
കണക്കമ്പിളിയപ്പോഴേ. 

അവള്‍ ശ്രദ്ധിച്ചതേയില്ല 
ദിനരാത്രങ്ങളൊന്നുമേ 
അവള്‍ക്കു സമമായ് തോന്നി 
വരും കാലമിതൊക്കെയും. 

കരിമ്പട്ടിണി വാതില്‍ക്കല്‍ 
കാലിപ്പാത്രമെടുത്തുവന്നു -
റക്കെ അലറുന്നുണ്ട്. 
ചിലപ്പോള്‍ തോന്നലായിടാം 

അയാളുണ്ടായിരുന്നെങ്കി -
ലാഹാരം മൂന്നുനേരവും 
ഒരുക്കാനുള്ളതും കൊണ്ടേ 
വരൂ, സന്ധ്യക്ക് കൂരയില്‍ 

അവളോരോന്നു ചിന്തിച്ചു 
കയ്പ്പ്‌നീരു കുടിയ്ക്കവേ 
വാട്ടുകപ്പപ്പൂളു പോലെ 
തെളിഞ്ഞു ചന്ദ്രനക്കരെ. 

അവള്‍ നോക്കിയതേയില്ല 
വിണ്ണും താരാഗണങ്ങളും. 
അവന്‍ പോയ വരമ്പിന്മേല്‍ 
ഉപേക്ഷിച്ചവള്‍ കണ്ണുകള്‍ 

Content Highlights: Krishnapaksham Malayalam Poem by Durgaprasad Budhanoor