കേരളമൊന്നാകെ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന അനുപമയുടെ കുഞ്ഞ് എവിടെ എന്ന വിഷയത്തില്‍ 'തരികെന്റെ കുഞ്ഞിനെ' എന്ന  കവിതയിലൂടെയാണ് കവിയും സാംസ്‌കാരികപ്രവര്‍ത്തകനുമായ കെ.ജി.എസ് പ്രതികരിച്ചത്. കെ.ജി.എസ്സിന്റെ കവിതയ്ക്ക് മറുകവിത നല്‍കി ഡോ. പി. വി ശോഭ പ്രതികരിക്കുന്നു.

കീറാനും മുറിക്കാനും കൊടുക്കില്ലെന്‍ കുഞ്ഞിനെ എന്ന് സോളമനോട് ഉടക്കി 
ഒരമ്മ!
ആണ്‍കോയ്മാ കോടതികള്‍ക്ക് കൊടുക്കില്ലെന്‍ കുഞ്ഞിനെ 
കൊടുക്കില്ലെന്‍ കുഞ്ഞിനെ എന്ന്  
സ്റ്റാലിന്‍/ആണ്‍കോയ്മാ കോടതിയോട് അന്ന അഖ്മതോവ.
കൊടുക്കില്ലെന്‍ കുഞ്ഞിനെ എന്ന്
ഇടശ്ശേരിയോടിടഞ്ഞ് പൂതപ്പാട്ടിലെ അമ്മ.

കൊടുക്കില്ലെന്റെ കുഞ്ഞിനെ എന്ന്
ഈച്ചരവാരിയര്‍ മാഷ്. 
ആണ്‍കോയ്മാ കോടതികള്‍ക്ക് കൊടുക്കില്ലെന്‍ കുഞ്ഞുങ്ങളെ
കൊടുക്കില്ലെന്റെ കുഞ്ഞുങ്ങളെ എന്ന്
വാളയാറിലെ അമ്മ. 
ആണ്‍കോയ്മാ കോടതികള്‍ക്ക് കൊടുക്കില്ലെന്‍ കുഞ്ഞിനെ
കൊടുക്കില്ലെന്റെ കുഞ്ഞിനെ എന്ന് അനുപമ. 

ആണ്‍കോയ്മാ കോടതികള്‍ക്ക് കൊടുക്കില്ലെന്‍ കുഞ്ഞിനെ
കൊടുക്കില്ലെന്റെ കുഞ്ഞിനെ, 
ആണ്‍കോയ്മാ കോടതികള്‍ക്ക് കൊടുക്കില്ലെന്‍ കുഞ്ഞിനെ എന്നതിനേക്കാള്‍
ഏതുണ്ട് ചരിത്രത്തില്‍ അണയാത്ത, മങ്ങാത്ത, നിലയ്ക്കാത്ത, കലാപം!
നവനവോന്മേഷശാലിയായ പ്രതിജ്ഞ?

Content Highlights ; Kodukkillen Kunjine Sobha PV writes a reply Poem to KGS Tharikente Kunjine Anupama issue