വളൊരിക്കൽ എന്നോട് പറഞ്ഞിരുന്നു
ഒരു ചെറുകുളിരായ്
എന്റെ ഇടുപ്പിൽ ഇക്കിളിയിടുമെന്ന്
പിൻകഴുത്തിലൂടെ നിരങ്ങിയിറങ്ങി
തുടുത്ത വീണാതലങ്ങളിൽ തളിർവിരലോടിക്കുമെന്ന്
മേടമാസപ്പുലരിയിൽ കണികാണും മുൻപേ
കതിരവൻ ഉരുകി ഉറങ്ങുന്ന കടലിൽനിന്ന്
ആകാശത്തേക്ക് പറന്ന്
നിറമേഘമായ് എന്നിൽ
പടർന്നിറങ്ങുമെന്ന്
മുടിയിഴകളിൽ കളിയായ്
കുതറിമറിയുമെന്ന്
ഒടുവിൽ തലതോർത്തി പ്രിയനിട്ട ഇളംചായ
നുകർന്നങ്ങനെ പത്രത്താളുകൾ മറിക്കുമ്പൊളതാ
ഏഴാമേടിലവളുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ വാർത്ത
ഓഹ്! നിശബ്ദ പ്രണയിനീ
നീ മഴയായി പരിണമിച്ച്
എന്നിൽ മായാത്ത ഓർമ്മകൾ കുടഞ്ഞിരിക്കുന്നു
ഞാൻ അവളുടെ കാമിനി
ഇവന്റെയും!

Content Highlights : Kamini Malayalam Poem by Vijayaraja Mallika