പ്രാണനോളം ശുഷ്‌കാന്തിയുള്ളാരു
കാവല്‍ക്കാരനുണ്ടോ?
ഓരോ മൂലയിലുമെത്തി
അതു കാത്തു ദേഹത്തെ
നേരത്തോട് നേരം ചെന്നില്ല
ദേഹത്തില്‍ നിന്നും ദുര്‍ഗ്ഗന്ധം പുറപ്പെട്ടു.
എത്ര മുറുക്കിയടച്ചതായിരുന്നു
പ്രാണന്‍ ദുര്‍ഗ്ഗന്ധത്തിന്റെ കുടത്തെ . 

രണ്ടു ദിവസം കഴിഞ്ഞില്ല
പുഴുക്കള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി
ദേഹമുള്ളതിന്റെ
ഒരു സൂചന പോലും നല്‍കാതെ
പ്രാണന്‍ കാവല്‍ നില്‍ക്കുകയായിരുന്നു.
കയ്യേറാന്‍ വരുന്നവരില്‍ നിന്ന്
എന്തൊരു ജാഗ്രതയോടെയാണത്
ദേഹത്തെ കാത്തത് 

കാലിന് ഒരാളെ
താങ്ങുവാനുള്ള ത്രാണിയൊന്നുമില്ല
പ്രാണനാണ് താങ്ങിനിറുത്തുന്നത്.
കണ്ണിന് കാണാനുള്ള
കാതിന് കേള്‍ക്കാള്ള
മൂക്കിന് വാസനിക്കാനാനുള്ള
ത്രാണിയൊന്നുമില്ല.
കണ്ണിന് കണ്ണായത്
പ്രാണന്‍. 

കാത്തത് പ്രാണനായിരുന്നു.
സ്വയം കാക്കുന്നതിലൊക്കെ
പ്രാണനുണ്ടെന്ന് നീ പറയുന്നു
ശരിയാണ്, ശരിയാണ്
നിന്നിലും എന്നിലും
കവിതയിലും ചിത്രത്തിലും സംഗീതത്തിലും
പ്രണയത്തിലുമൊക്കെ
പ്രാണന്റെ കാവല്‍

Content Highlights: Kalpetta Narayanan poem Kaval