തീരത്തിരുന്ന് കുട്ടി
കടലിലേക്കുപറ്റി എഴുതുന്നു.
ഒന്നാം തിര
ആദ്യവരിയെ മായ്‌ച്ചേക്കാമെന്ന്
അവള്‍ ഭയക്കുന്നേയില്ല

അവളുടെ അക്ഷരങ്ങള്‍
ചിത്രങ്ങളാണ്
ഓരോ അക്ഷരത്തിനും
അബ്‌സിന്തിന്റെ ചൂര്
 
കടലിപ്പോള്‍ ചലിക്കുന്നില്ല
അപരിചിത മൂലകങ്ങള്‍ നിറഞ്ഞ
കടലിനിപ്പോള്‍ ഗന്ധകമണം  

കരയില്‍ നിന്നും
കാട്ടുതീയുടെ ഓര്‍മ്മയുള്ള കാറ്റ്
അവള്‍ വരച്ച ചിത്രങ്ങളുടെ
അതിര്‍ത്തികളില്‍ ലവണങ്ങള്‍
അവള്‍ വരച്ച കടലില്‍
ജലസസ്യങ്ങള്‍ വിടരാനാരംഭിക്കുന്നു
കടല്‍പ്പുഷ്പങ്ങളുടെ ഓരോ ഇതളിലും
അവള്‍ തീനാമ്പുകള്‍ തുന്നിച്ചേര്‍ക്കുന്നു.

കടല്‍ ഒരു ഗോതമ്പുവയലാവുന്നു.
അവളിപ്പോള്‍ *ഐസിസ്
പ്രണയരാജ്യത്തെ നിഷിദ്ധദേവത.
അവള്‍ വാറ്റിയെടുത്ത ലഹരിയുടെ
കുടങ്ങളാല്‍ ഉന്മത്തനാവുന്നു **ഒസിരിസ്
അവരുടെ ഉടലുകള്‍ ചേരുമ്പോള്‍
കടലിനു തീ പിടിക്കുന്നു.

അവള്‍ക്ക് മുന്നിലെ
കടലിപ്പോള്‍ നിശ്ചലം,
മഴവിരലിന്റെ തുമ്പുപിടിച്ച്
ഇലകളില്‍ ജലചിത്രങ്ങള്‍ വരച്ച
കുട്ടിയല്ല താനിപ്പോള്‍ എന്നവള്‍ അറിയുന്നു

തീവിരലുകളില്‍ ചുംബിച്ച്
കടലിനെ അവള്‍ വാറ്റിയെടുക്കുന്നു
ഏതെല്ലാം മദ്യങ്ങളുടെ ചൂരാണ്
നിനക്കെന്ന്
അവള്‍ കടലിനോടു ചോദിക്കുന്നു.

കടലിനെ വാറ്റിയെടുത്ത
ഒരു തുള്ളി
അവള്‍ ചുണ്ടോടു ചേര്‍ക്കുന്നു.

അവള്‍, നിശ്ചലമായ
കടലിന് നടുവില്‍
സ്വയംജ്വലിക്കുന്ന ചിത്രം.
 
അവള്‍ക്കുള്ളില്‍ അടക്കം ചെയ്തിരുന്ന
കാട്ടുതീയുടെ നേരുള്ള കാറ്റ്
കടലിനുമീതെ നിന്ന്
കരയിലേക്ക് ഒളിച്ചു കടക്കുന്നു.

* ഈജിപ്ഷ്യന്‍ ദേവത
**ഈജിപ്ഷ്യന്‍ ദേവന്‍

Content Highlights : Isis enna Penkutty poem by Rajesh Chithira