രുമ്പിന്റെ ശ്രദ്ധ തെറ്റുമ്പോള്‍
തുരുമ്പിക്കുന്നത് കണ്ടിട്ടില്ലേ?

ഒറ്റയ്ക്ക് വളരില്ല
ഒരിടത്തും
അശ്രദ്ധ

ശ്രദ്ധയില്‍ നിന്ന് അല്‍പം
കൂടിയോ കുറഞ്ഞോ
അത്
വീടെടുത്ത് താമസിക്കുന്നു

ഉറുമ്പിന്റേതുപോലുള്ള
അതിന്റെ തല
വല്ലപ്പോഴും
പുറത്ത് കാണിക്കുന്നു

മഴവില്ലുപോലെ
മുന്നിലെത്തുന്ന അവസരങ്ങള്‍
മുതലാക്കുന്നു

ആരും തന്നെ ഗൗനിക്കുന്നില്ലല്ലോ
എന്നോര്‍ത്ത്
സങ്കടപ്പെടുന്ന എഴുത്തുകാരന്‍
അയാളല്ല

എത്ര ശ്രമിച്ചാലും
ഒരു ജോലി കിട്ടില്ലെന്നോര്‍ത്ത്
മടിച്ചിരിക്കുന്ന ചെറുപ്പക്കാരനുമല്ല

കഴിവിന്റെ പരമാവധി
അശ്രദ്ധ ശ്രദ്ധിക്കുന്നു
ഒരോ ശ്വാസത്തിലും
പ്രവര്‍ത്തിക്കുന്നു

പൊട്ടിപ്പോയ ബ്രേക്കിനൊപ്പം
സ്വാതന്ത്ര്യദിനമാഘോഷിക്കുന്നു
പൂട്ടി എടുത്ത് വെയ്ക്കാന്‍ മറന്നു പോയ
താക്കോലിനോടൊപ്പം
സോഷ്യലിസം ചര്‍ച്ച ചെയ്യുന്നു
നടന്നു പോകുന്ന വഴിയരികില്‍
കുഴികുത്തി
ജ്ഞാനപ്പാന ചൊല്ലി കേള്‍പ്പിക്കുന്നു

അയാള്‍ ചെയ്യുന്ന ഉപകാരങ്ങള്‍
ചെറുതൊന്നുമല്ല
കൊന്നവനെ കൊണ്ട്
തെളിവിന്റെ
കൈയ്യൊപ്പ് ചാര്‍ത്തിക്കുന്നു
ഉണ്ടായിരുന്ന കാല് മടക്കി 
പാമ്പുകളുടെ വേഗം കൂട്ടുന്നു
പാലില്‍ കലഹമുണ്ടാക്കി
തൈര് എന്ന വീടിന്റെ
പാല് കാച്ചുന്നു
വാക്കിന്റെ നാക്ക് വെച്ചു കുത്തിച്ച്
കവിതയെ പുറപ്പെടുവിക്കുന്നു.

അവരവരുടെ അശ്രദ്ധയില്‍
ഉറങ്ങി ശീലിച്ചിരുന്നില്ലെങ്കില്‍
എത്ര ശ്രദ്ധയിലും
നീന്തിത്തീരില്ലായിരുന്നു
മരിച്ചു പോകാനുള്ള
മനുഷ്യരുടെ രാത്രി.

Content Highlights : Irumbinte Asradhayaanu Thurumb poem by Vimeesh Maniyoor