നാടകനടന്‍ 

നേരും നീതിയും
തുന്നിച്ചേര്‍ത്ത
സഞ്ചിമാത്രമുള്ളവന്‍
മരണത്തോളം
കയ്പുള്ള നാട്ടിലായിരുന്നു
അയാള്‍ക്ക് സദ്യ.

 കവി 

എഴുത്തിനിടയില്‍
വിശപ്പെന്നോര്‍ക്കാനും
സമയം
കണ്ടെത്തിയവന്‍
പേരഴിച്ച്
നാടഴിച്ച്
മതമഴിച്ച്
പാര്‍ട്ടിയഴിച്ച് ചെന്നപ്പോളേക്കും
അയാള്‍
മാഞ്ഞുപോയി
എഴുത്തുമേശയില്‍
ഗ്ലോബിനു പകരം
നീലനിറത്തില്‍
ഒരു പന്തുണ്ടായിരുന്നു.

ചിത്രകാരന്‍ 

ചുവരിലും
തറയിലും
ചിത്രങ്ങളുടെ
ഉടലുകള്‍
ചിതറിക്കിടന്നു
അയാളുടെ ശരീരത്തില്‍
നിറങ്ങളേയില്ലായിരുന്നു.

ഇന്ന് ഞായറാഴ്ചയാണ്
പോത്തുവരട്ടിയത്
കഴിച്ച്
വാരാന്തം വായിച്ചിരിക്കുന്നു
തത്ക്കാലത്തേക്ക്
ഹാക്കിംഗിന് വിട!