ജി.എം ഹോപ്കിന്‍സ് എഴുതിയ Spring and Fall എന്ന കവിത സജയ് കെ.വിയുടെ വിവര്‍ത്തനത്തില്‍ വായിക്കാം..

മാര്‍ഗ്ഗറീത്താ നിനക്കെന്തിനീയഴല്‍,
സ്വര്‍ണ്ണപര്‍ണ്ണങ്ങള്‍ പാഴില്‍പ്പതിക്കവേ?
മാറ്റെഴും മറ്റു പണ്ടങ്ങള്‍ പോംപടി, 
നിന്നിളം മനസ്സിന്നെന്തു ഖിന്നത ?
മുഗ്ദ്ധവാര്‍ധക്യമെത്തവേയിത്തരം
കാഴ്ച്ചയേതും തണുപ്പനായ് തീര്‍ന്നിടാം.
പടുവനം കരീലക്കാട്ടിലടിയവേ
കരളു നോവാതെ കാണാന്‍ കഴിഞ്ഞിടാം.
എങ്കിലും കരഞ്ഞീടുമെന്‍ പൈതലേ,
നീയറിഞ്ഞിടുന്നുണ്ടതിന്‍ കാരണം,
പേരറിഞ്ഞിടാതവ്യക്തവേദനം.
ശോകമൂലമൊന്നാകുന്നു, ശാശ്വതം;
കരളിനും നാവിനും തിരിയാത്തത്,
ഹൃദയവേദ്യ,മാത്മാവുള്ളറിഞ്ഞത്.
മര്‍ത്ത്യനീ വ്യാധി കൂടപ്പിറപ്പു താന്‍,
മാര്‍ഗ്ഗറീത്ത നിന്നാധിയതിനാലെ താന്‍.

Content Highlights: G M Hopkins poem Spring and Fall Malayalam translation