നിത്യവും നീ കേളിയാടുന്നു സുന്ദരീ!
ഇപ്രപഞ്ചത്തിന്‍ പ്രകാശരേണുക്കളില്‍!
നീ വിരുന്നെത്തുന്നു, താരിലും നീരിലും,
നീയധികമാണു ഞാനനുദിനംകൈകളില്‍
വാരിപ്പിടിക്കും
അനാഘ്രാതശുഭ്രമാം
പെണ്‍ശിരസ്സിന്‍വെണ്‍മനോജ്ഞമഞ്ജരിയിലും!
നീയേയനന്യ, ഞാന്‍ നിന്നെ സ്‌നേഹിക്കയാല്‍!
നിന്നെശ്ശയിപ്പിച്ചിടുന്നു ഞാന്‍ മഞ്ഞച്ച
പൂക്കള്‍ വിരിച്ചുള്ള ശയ്യയില്‍ സാകൂത, -
മാരേ കുറിക്കുന്നു 
ധൂമാക്ഷരങ്ങളാല്‍
തെക്കുദിക്കും ദീപ്രതാരാഗണത്തില്‍ നിന്‍
പേരിന്റെ പൊന്‍ലിപി?
ഓര്‍ത്തെടുക്കട്ടെഞാന്‍ നീ ജനിക്കും മുമ്പു
നീയുള്ള മാതിരി! 
പെട്ടെന്നു കാറ്റിന്റെയോരി,യെന്‍ 
ജാലക-
പ്പാളിയില്‍ മുട്ടുന്നു, കാറ്റിന്റെ മുഷ്ടികള്‍! ആകാശമോനിഴല്‍-
മത്സ്യങ്ങള്‍ തന്‍ വല, കാറ്റോ ശമിക്കുന്നു,മഴ തന്റെയാടയൊന്നൊന്നായഴിക്കുന്നു!
കാറ്റും കിളിച്ചാര്‍ത്തുമുദ്രയം പായുന്നു,
ഞാനൊരുത്തന്‍ തന്നെ യോധനം ചെയ്യണം
മര്‍ത്ത്യന്റെ കൊടുമകള്‍ക്കെതിരെ, യേകാകിയായ്.
കാറ്റിന്റെ ചുഴലില്‍ ചുറ്റിക്കറങ്ങുന്നു
കൂരിരുള്‍ക്കരിയിലപ്പറ്റം,
വാനിലിന്നലെ രാത്രി കെട്ടിയിട്ടുള്ളതാം
തോണികള്‍ കെട്ടഴിക്കുന്നൂ.
നീയിവിടെയുണ്ട്, നീയെങ്ങും പലായനം
ചെയ്യി,-
ല്ലൊടുക്കത്തെയെന്‍ രോദനത്തിന്നു
കാതോര്‍ത്തു നീയിങ്ങു നില്‍ക്കും!
കാതരം ചുറ്റിയെന്‍ മേനിമേലൊട്ടുക,
എങ്കിലും കണ്ടു നിന്‍ കണ്ണിലൂടജ്ഞാത-
സങ്കടത്തിന്‍ നിഴല്‍
പാഞ്ഞു പോകുന്നതായ് പണ്ട്!
ഇപ്പൊഴും നീ കുലമറിഞ്ഞികള്‍ കൊണ്ടുവ,ന്നിവനു നല്‍കുന്നു ,നിന്‍
മാറിലപ്പൂവിന്‍ പരാഗമുണ്ടിപ്പൊഴും!
വ്യഥിതനാം കാറ്റ് പൂമ്പാറ്റയെക്കൊല്ലവേ
പ്രണയിച്ചിടുന്നു ഞാന്‍ നിന്നെ!
കൊതി കൊണ്ടു നിന്നധരഫലമൊന്നു കൊത്തുവാ -
നരികില്‍പ്പറന്നു ഞാന്‍ വന്നൂ!
അറികയാലെന്നെ നീ, യഴലെത്രയാര്‍ന്നുവോ?
വിധുരമാം വനചരപ്രാണ,നേകാകി,യെന്‍
പേരു കേട്ടാല്‍ പോയൊളിക്കുന്നിതാളുകള്‍!
എങ്കിലും പുലര്‍താര നമ്മള്‍ തന്‍ മിഴികളെ -
ച്ചുംബിച്ചിതെത്രയോ വട്ടം!
അത്താര, ധൂസരം, തന്‍ പ്രഭാവീചികള്‍
വിശറി പോല്‍ നിറുകയില്‍ വീശീ!

മഴ പോലെ നിന്നില്‍ വര്‍ഷിച്ചിതെന്‍ വാക്കുകള്‍,
ചിരകാലമോമനേ, വെയിലില്‍ വിളഞ്ഞ നി- ന്നുടലിന്റെ ചിപ്പിയെ പ്രണയിച്ചിരുന്നു ഞാന്‍!
ഉലകിന്നധീശ നീ, യെന്നേ നിനച്ചുപോയ്!
വരുവേന്‍ നിനക്കുള്ള നീലക്കുറിഞ്ഞിയും മണ്‍നിറം പൂണ്ടുള്ള പൂക്കളും ചൂരലിന്‍
കുട്ടയില്‍ നിറയെ നൂ-
റുമ്മയും കൊണ്ടു ഞാന്‍!
അന്നു ഞാന്‍ നിന്നോടു ചെയ്യും വസന്തമ-
ച്ചെറിമരത്തോടു ചെയ്യും കാര്യമൊക്കെയും!

Content Highlights :Everyday you Play poem by Pablo Neruda translated by Sajay k v