ജനനത്തിന്റെ
പരപ്പ്
ജലത്തിന്റെ
ആഴംകൊണ്ടളക്കണം.
രുചി ഉപ്പെന്നാണ് വെപ്പ്.
താണ് താണ്
ആഴ്ന്നാഴ്ന്ന്
അടിയിലെത്തിയാൽ
കണ്ണഞ്ചും.
മഷി തൂറും.
മുലപ്പാലിന്റെ കൊഴുപ്പ്.
ആഴത്തിന്റെയാഴത്തിൽ ഉപ്പില്ല.
പെട്ടെന്ന്
ശ്വാസം മുട്ടും.

ജീവിതത്തിന്റെ
പരപ്പ്
ഭൂമിയുടെ
ആഴംകൊണ്ടളക്കണം.
ആദ്യമൊക്കെ
നല്ല ഗ്രിപ്പുണ്ടാവും.
നിരപ്പ് ഉറപ്പ്.
പതിയെ
ദഹനക്കേടൊച്ചവെക്കും;
ലാഭക്കണക്കിൽ
വെട്ടിവിഴുങ്ങിയതെല്ലാം
ഉള്ളിലുൽക്കപോൽ കറങ്ങും
മലദ്വാരമടയും.
കാൽപ്പാദത്തിനടിയിൽ
തിരയിളക്കം.
അലതല്ലി വീഴും.
ആഴത്തിലാഴത്തിൽ
തീയെന്നറിയാം;
അവിടെവരെ പോകില്ല.
വഴിയിൽ തങ്ങും.
പെട്ടുപോകും.

മരണത്തിന്റെ
പരപ്പ്
ആകാശത്തിന്റെ
ആഴംകൊണ്ടളക്കണം.

അതെങ്ങനെ ശരിയാവും?

ആകാശമൊരു തോന്നലെന്ന്
വീറുകാട്ടും ശാസ്ത്രം.
മരണമൊരു മായയെന്ന്
മതംപൊട്ടും.

ആകാശം
കാണാതെ കഴിച്ചുകൂട്ടാൻ
പങ്കപ്പെട്ട്
ചന്ദ്രനിലൊരു
മൂന്നുസെന്റ് വാങ്ങി
നടൂന് കൈകൊടുത്ത്
താഴോട്ട് വളഞ്ഞ്
മേലോട്ടു നോക്കുമ്പോൾ
ആകാശത്ത്
ഭൂമി കോക്രികാട്ടും.

പുറന്തള്ളപ്പെട്ടവരുടെ
പ്രത്യയശാസ്ത്രത്തിന്
പിന്തുണ പ്രഖ്യാപിച്ചു
പ്ലൂട്ടോയിലേക്ക്
കുടിയേറിയാൽ
അവിടേം
തലയ്ക്കുമേൽ
ആകാശഭീകരത.
നക്ഷത്രങ്ങൾ;
മരണപ്പെട്ടവർ നിർത്താതെ
കണ്ണുചിമ്മുന്നു.

ഇതേപ്പറ്റി
ആധികാരികമായി
തെളിവടക്കം
പറയാനാഞ്ഞവർ
എഴുതാനിരുന്നവർ
പഠിച്ചറിഞ്ഞവർ
കേൾവിക്കാരെ
വായനക്കാരെ
വിദ്യാർത്ഥികളെ
തിരയുമ്പോൾ
എല്ലാം കഴിഞ്ഞിട്ടുണ്ടാകും.
അവരങ്ങ്
ദൂരെ
ദൂരെ
ദൂരെ

കവിയുടെ പരപ്പിനെ
കവിതയുടെ
ആഴംകൊണ്ടളക്കണം.
അതിൽ
വീണുപോകുന്നർക്ക്
ഒരു കൈ സഹായമായി
ഞാനിവിടിരിക്കുന്നു.