ഐറിഷ് എഴുത്തുകാരി എവന്‍ ബൊളാണ്ട് എഴുതിയ Domestic Violence എന്ന കവിതയുടെ വിവര്‍ത്തനം

1.
അതൊരു മഞ്ഞുകാലമായിരുന്നു, നിറംകെട്ട് കുതിര്‍ന്നത്. പകലറുതിയില്‍
നരച്ചിരുണ്ട ചെറുതൈകള്‍ നിലാവില്‍ അനാഥരായിനിന്നു.
'കണ്ടതില്‍ സന്തോഷം, ഈ മാംസം നിങ്ങളുടെ സന്തോഷത്തിന് ' എന്ന്
നാട്ടിന്‍പുറത്തെ ഇറച്ചിക്കടയുടെ ജനാലയിലെ കുറിപ്പ്.

ഞങ്ങള്‍ വിവാഹിതരായവര്‍ഷം തന്നെ എല്ലാം മാറിമറിഞ്ഞു.
അതുകഴിഞ്ഞാണ് ഞങ്ങള്‍ നഗരാതിര്‍ത്തി വിട്ടുപോയത്.
എത്ര ചെറുപ്പം, വിവരക്കേട്, സ്വന്തം ഇന്നലെകളാണ് ചരിത്രമെന്ന് പറയും കാലം.

അയലത്തെ ആണും പെണ്ണും രാവ് നീളുവോളം വഴക്കടിച്ചു,
ഉയര്‍ന്നുപൊങ്ങുന്ന, കൂര്‍ത്തുതുളയ്ക്കുന്ന, ഒച്ചകളായിരുന്നു അവര്‍ക്ക്:
തമ്മില്‍ പ്രണയമുള്ളവരുടെ നാള്‍വഴികളില്‍
എന്നേയ്ക്കുമായൊരു ശരി ഉണ്ടാവില്ല.

2.

ആ മഞ്ഞുകാലത്ത്  പെട്ടെന്നാണ് ഞങ്ങളുടെ മരതകദ്വീപ്
എല്ലാരും കാണട്ടെയെന്ന്‌ പഴകിയ മുറിവുകളെല്ലാം വലിച്ച് പുറത്തിട്ടത്:
ഞങ്ങളും അത് കണ്ണാല്‍ക്കണ്ട്
കാരണമറിയാതെ പകച്ചു.

ഉപ്പുചുവയ്ക്കും ചക്രവാളങ്ങള്‍, ഡബ്‌ളിന്‍ കുന്നുകള്‍,
പുഴകള്‍, ഉച്ചി നിരപ്പായ മാമലകള്‍, വൈക്കിങ്ങ് അധിനിവേശച്ചതുപ്പുകള്‍
അറിയാമെന്ന് കരുതിയതെല്ലാം
കണ്‍മുന്നില്‍ നടുങ്ങിവിറച്ചു

12 X 15 ന്റെ പഴയ ടിവിയിലേക്ക്
അതെല്ലാം വാര്‍ന്നുവീണു
നിസ്സംഗമായി, കണ്ണ് തൂവിയ കണ്ണീരോടെ ,
കൊല്ലുകയാണ്, വീണ്ടും വീണ്ടും കൊല്ലുന്നു,
പിന്നെ നിലാവ് പോലെ വിളറിയ ശവദാഹങ്ങളും:

അന്നും പിന്നൊരിക്കലും,
ഞങ്ങള്‍ക്ക് പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല.

3.

പരിഹാരക്കടമില്ലാത്ത ഓര്‍ത്തിരിക്കലാണോ
ഓര്‍മകളടെ ഉറവ ?
അന്നത്തെ അടുക്കളയുടെ വിളറിയ പൂക്കാലവെട്ടത്തില്‍
പേടികൂടാതെ ഞാനിരുന്നെങ്കില്‍, എങ്കില്‍,

എന്തുകൊണ്ടാവാം അയലത്തെ അടുക്കളയുടെ പൂക്കാലവെട്ടം
നാളുകള്‍ കൊഴിയവേ ഇരുണ്ടുപോകുന്നതും
'നമുക്ക് വേറെ എന്താണ് ചെയ്യാനാകുമായിരുന്നത്?' എന്ന്
അവള്‍ അവനോട് താണുപോകുമൊച്ചയില്‍
വീണ്ടും പുലമ്പുന്നതും?

4.

നമ്മുടെ അവസരങ്ങളെ നാംതന്നെ തോല്പിച്ചു
അതോ അവ നമ്മെ തിരിച്ച് തോല്പിച്ചോ?
വാഴ്വിന്‍കാലം വലുപ്പത്തില്‍ മുന്നിലും നാമെല്ലാം തീരെച്ചെറിയവരും?
എനിക്കിത് സമ്മതമല്ലെങ്കില്‍ പിന്നെന്തിനായി എഴുതിവയ്ക്കണം?

ഞങ്ങള്‍ ജീവിച്ചു, സന്തോഷിച്ചു, ഒന്നായിത്തന്നെനിന്നു.
കുഞ്ഞുങ്ങള്‍ പിറന്നു, അവരെ നാമിവിടെ  വളര്‍ത്തി
അവര്‍ പോയി
നമുക്കുള്ളതും.

ആ ആണും പെണ്ണും, അവരാരെന്ന്
നാമെന്നെങ്കിലും തിരഞ്ഞോ?
അങ്ങനെ തിരയണമെന്നോര്‍ത്തോ?
നമുക്കറിയാം. നാമതെല്ലാം എന്നേ അറിഞ്ഞിരുന്നു.

 

Eavan Boland
Caption

എവന്‍ ബൊളാണ്ട് (1944-2020) 

'അയര്‍ലന്റിലെ ഡബ്‌ളിനില്‍ ജനിച്ചു. ഐറിഷ് സാഹിത്യത്തിലെ മികച്ച എഴുത്തുകാരിയും എഡിറ്ററും അധ്യാപികയുമാണ്. Object Lessons(1995) ആത്മകഥ. അയര്‍ലന്റിന്റെ സാഹിത്യലോകത്ത് 'സ്ത്രീ', 'കവി' എന്നീ പദങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാവാത്ത ദ്വന്ദ്വങ്ങളായിക്കണ്ടിരുന്ന കാലത്താണ് ബൊളാണ്ട് കവിതകള്‍ എഴുതുന്ന സ്ത്രീ എന്നറിയപ്പെട്ടത്. 1996 മുതല്‍ ഡബ്ളിന്‍ കലാലയങ്ങളിലും സ്റ്റാന്‍ഫോഡ് യൂനിവേഴ്‌സിറ്റിയിലും അധ്യാപന - ഗവേഷണ രംഗങ്ങളില്‍ സജീവം.
In her own Image(1980), Outside History(1990),  In a time of Violence (1994), Against Love Poetry(2001),  Domestic Violence(2007),  A woman without a Country(2014) എന്നിവ മികച്ച കൃതികള്‍. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2020 ഏപ്രില്‍ 27 ന് അന്തരിച്ചു.

Content Highlights: Eavan Boland poem 'Domestic Violence' Malayalam translation