കൊളുന്ത്, പച്ചക്കൊളുന്ത്..
നുള്ളി, നുള്ളിയിടെടീ കണ്ണേ..
ഉണക്കിപ്പൊടിച്ച്,
കുപ്പിയിലടച്ച് വെച്ച്,
തേന് ചേര്‍ത്ത്,
പാല് ചേര്‍ത്ത്,
നെഞ്ചിലൂറുന്ന പ്രേമവും
ചേര്‍ത്ത്,
പല്ല് തേക്കാതെ, കണ്ണു തിരുമ്മി
കോട്ടുവായയിടുന്ന
ലവന് കൊടുക്കാനുണ്ടടീ..
ഇനിപ്പാര്‍ന്ന ചൂട് സാധനം
മൊത്തി, 
തൊണ്ടയിലൂടിറക്കി,
അന്നനാളത്തിന്റെ അങ്ങേയറ്റത്തെ
കെട്ടുപാടുകള് ലവനു 
അഴിക്കാനുണ്ടടീ...

ഇന്നലെ കൂടിയാ ന്യൂജന്‍
സിനിമ ഞങ്ങളൊപ്പം കണ്ടതല്ലെടീ,
ഹ, നായകന്‍ കാമുകിയ്ക്കു
കപ്പില് സ്‌നേഗം കൊടുക്കണ
കണ്ടതല്ലെടീ...
തുല്യതയെപ്പറ്റി ഘോരഘോരം 
ഞങ്ങ കാറിയതല്ലേടീ, 
പിന്നെയും, നേരം പുലര്‍ന്ന നേരം
നെഞ്ചില് 
ചവിട്ടുകൊണ്ടതെന്തെടീ!

കാട്ടില് പാറിയ ഉണക്കയില,
യാ,തിളചട്ടിയില്‍ വീണതെന്തെടീ,
ആ ചെടിയും തേടി,
രാജ, രാജന്‍ ചീന സിംഹന്‍
പോയതെന്തെടീ, 
ബൗദ്ധനൊരുവനാ രുചിയില്‍
മയങ്ങിയതെന്തെടീ കണ്ണേ,
യാസ്വാദിന്നുമാണധീശ
ആചാരമായതെന്തെടീ!

വിപ്ലവം, വിപ്ലവമന്ന്
ചോത്ത് 
വന്ന വഴിയോര്‍ക്കടീ,
ബോസ്റ്റണിലന്ന് ഇലപ്പെട്ടി,
കൂട്ടര്
കടലിലിട്ടതോര്‍ക്കടീ...
ഇല്ല നിന്ദ, ചായയോടും,
മധുരമൂറൂം സ്വാദിനോടും,
നിര്‍വൃതി നിറയ്ക്കും
സത്കാര നിമിഷങ്ങളോടും....
ജുഗുപ്ത്സയധികാര 
യടിമ കാഴ്ചയോടു മാത്രമല്ലേടീ...

ചൂടിറക്കി, നാവുനീട്ടി 
കുടിക്കുണണ്ടടീ, കോപ്പയില്‍
തുള്ളുന്ന കൊടുങ്കാറ്റിനെ
നൊട്ടിയിറക്കുന്നെടീ...
വിപ്ലവം, വിപ്ലവം വന്ന വഴി നീ
കണ്ടോടീ, കണ്ണേ
പൊടിയടച്ച കുപ്പിയെല്ലാം
കിണറ്റിലിട്ടടീ, യപ്പോ
കൊളുന്ത് നുള്ളി, ഉണക്കിയെടുത്ത്
അവനിന്ന് കട്ടനിട്ടടീ, കണ്ണേ
ഒരെണ്ണമെനിക്കുമിട്ടടീ..
നീയും വായടീ, കണ്ണേ 
ഇന്ന് സത്കാരമുണ്ടടീ..

* ചാ- നൊ- യു - ജപ്പാനിലെ തേയില സത്കാരം.