നാധന ധർമ്മം,
ആചാരവൈവിദ്ധ്യം
പൈതൃകം,
ഭംഗി....
ഒത്തിണങ്ങിയ
ഒരു രാജ്യമുണ്ട്.

അവിടെ പ്രവേശിക്കണമോ?
അപ്പൊ നിങ്ങൾക്ക്
ചില യോഗ്യതകൾ ആവശ്യമുണ്ട്.
വാഗ്ദാനനുണകളുടെ
മഴ പെയ്യിക്കുന്ന നേതാക്കളെ
കാണാതിരിക്കാൻ
'തുറന്ന കണ്ണ് 'വേണം.

മാറി മാറി വരുന്ന
അധികാരികളുടെ
നയങ്ങൾ തിരുത്തികുറിക്കാതിരിക്കാൻ
നാവുകൾ മടക്കി
ചുരുട്ടി വെക്കണം.

മാനം നഷ്ടപ്പെട്ടാലും
നീതി കിട്ടുംന്നൊരു
പ്രത്യാശ വലിച്ചെറിയണം.

രോഗം പടരുമ്പോഴും
മൗനത്തിലാണ്ട്
പെരുകുന്ന വിലയേറ്റ്
പൊള്ളുമ്പോഴും
അവ തലയിലേറ്റാൻ
പഠിക്കണം.

എല്ലാറ്റിനുമുപരി
ശ്വാസം കിട്ടാതെ
പിടയാതിരിക്കാൻ
സ്വയം ഓക്സിജൻ
ഉണ്ടാക്കിയെടുക്കണം.

മരിച്ചു വീഴുമ്പോൾ
കത്തിയമരാൻ
ഇത്തിരി മണ്ണും
ആളിപടരാൻ ഇത്തിരി വിറകും
വിലകൂടുന്നതിനിടയിൽ
വാങ്ങി സൂക്ഷിക്കണം.

വരിക.
കാണുക..
അറിയുക...
അത്തരത്തിലൊരു രാജ്യത്തെ!

Content Highlights : Bynocular poem Written by Nyna Narayanan