വെളുപ്പിന്
ഖമറൊളി
വെറുതേ വീണുകിടക്കും
കണ്ടങ്ങള്‍

പൊന്നുപെരുന്നാളില്‍
നാണംതൊട്ടുതെളിഞ്ഞ
നിലാവൊളികൂട്ടിക്കുഴച്ച്
ഉമ്മ
വിളമ്പിയ
കലത്തപ്പത്തില്‍
കോറിയ
നീളന്‍
വരപോലടുക്കടുക്കായ്
വരമ്പുകളിതിരിട്ട്
മുറിച്ചന്തത്തില്‍
ചന്ദ്രിക
പലതായ്
വീണുകിടക്കുംകണ്ടങ്ങള്‍
 
ചോമുമാപ്പിളയുടെ
അത്താറുമാപ്പിളയുടെ
അദ്രാന്‍മാപ്പിളയുടെ
കലന്തര്‍ മാപ്പിളയുടെ
ഖല്‍ബിന്നൂക്കില്‍
പൊന്‍കലപ്പകളാഴം
കാണാതുഴുതുമറിച്ചൊരുകണ്ടങ്ങള്‍
 
വെയില്‍ക്കുത്തേറ്റു
മയങ്ങിയമണ്ണില്‍
പുതുമഴ
നാണംചൂടിവരുമ്പോള്‍
മാനത്തുകണ്ണി
നത്തയ്ക്ക്
വെള്ളമുണ്ടി
ചാരമുണ്ടി
പൊന്നരിപ്രാവുകള്‍
പേങ്ങാന്‍തവള
കല്ലിറുക്കിഞണ്ട്
തരംപോലെ
ചെളിയില്‍
പെരുമഴത്തുള്ളലൊരുക്കിയകണ്ടം

സുബ്ഹിബാങ്കുവിളിച്ചാല്‍
മാപ്പിളമാരൊത്ത്
തീയ്യന്‍ 
വാണിയന്‍ 
ആയര്‍കോലാന്‍
ജാതിമതക്കോയ്മകളുള്ളം
തീണ്ടാതുടലില്‍
ഉറക്കമില്ലാത്തോര്‍ത്തുമുടുത്ത്
വിത്തുവിതച്ച്
മെതിച്ചൊരുകണ്ടം

രാമന്റേയും
കണ്ണന്റേയും
പാനീസ് നാരായണന്റേയും
ബാപ്പൂട്ടിയുടേയും
കുഞ്ഞാപ്പുവിന്റേയും
കന്നാലിപ്പൂട്ടില്‍
വിത്ത്
തൊണ്ടപൊട്ടിമുളച്ചൊരുകണ്ടം
ഓ.... വോ...

അര്‍ത്ഥമില്ലാതക്ഷരങ്ങള്‍
വായുവില്‍
വട്ടംവരച്ചുച്ചത്തില്‍
കാലുകള്‍
കവിതകള്‍പൂട്ടിയ
കന്നാലിക്കിതപ്പൊലി
കുടമണിയാട്ടിയ
നോവിന്നുടലില്‍
വിയര്‍പ്പിന്‍ പച്ചമരപ്പാട്ട്

കുന്നില്‍മുകളില്‍നിന്നും
മെലിഞ്ഞുവന്നൊരു
പുഴകറുപ്പിച്ച
കറുത്തകണ്ടങ്ങളില്‍
വെയില്‍കറുപ്പിച്ച
കറുത്തമാപ്പിളമാര്‍

വീടറുപെണ്ണാം
മാപ്പിളബീവിമാര്‍
മേടച്ചൂടില്‍
കതിരോന്‍
കരിഞ്ഞുണങ്ങുംനേരം
ഇടവപ്പാതിയില്‍
തുലാപെയ്ത്തില്‍
നനഞ്ഞുകുളിച്ചുവരുന്നൊരു
മഴയില്‍ വട്ടംപരത്തിയ
ചട്ടിപ്പത്തിരി
കുടംപുളിചാര്‍ത്തിയ
മത്തിക്കറിയും
കണ്ടത്തിന്റെ
തടിച്ചവരമ്പില്‍
കാഴ്ചകള്‍വച്ചു
നടന്നോരുകണ്ടം

ചീരുവും
ചിരുതയും
മുത്താണിമാണിക്യം
മുറുക്കിത്തുപ്പി
ചോപ്പുകലര്‍ത്തിയ
ചെളിവെള്ളത്തെകണ്ടതിനാലേ
ചോന്ന്തുടുത്തൊരു
നീലാകാശം
നാടന്‍ ശീലുകള്‍
വായ്ത്താരികളില്‍
ആര്‍ച്ചച്ചരിതം
പാടിനടന്ന്
വാക്കിന്നുറുമികള്‍
വീശിയെറിഞ്ഞു
തെളിഞ്ഞൊരുകണ്ടം

മണ്ണിന്നിന്നലെതന്‍ 
താളുമറിച്ചാല്‍
ഇരുളുടലാര്‍ന്നൊരു
പാവം ദളിതനെ
ഇരുളുപരക്കും
സന്ധ്യാചോപ്പില്‍
കൊന്നുമുറിച്ച്
രക്തംതൂവി
വിത്തുകുഴച്ചു
വിതച്ചുമെതിച്ച്
ചോരകറുത്തു
കറുപ്പുടലാര്‍ന്നൊരുകണ്ടം

ചോപ്പുകനപ്പാല്‍ *1
വസന്തമൊരുക്കാന്‍
കമ്യൂണിസ്റ്റുകള്‍
പാടിവരുംമുമ്പേ
ഭൂമിശരീരമളന്നെടുക്കുംമുമ്പേ
മണ്ണിന്‍
ചോരകുടിച്ചുതെഴുത്ത്
നാടുമുടിച്ചൊരുജന്മിതമ്പ്രാന്‍
വിയര്‍ത്തുമെലിഞ്ഞോരു
മാപ്പിളമാര്‍ക്ക്
മുക്കാല്‍ചക്രത്തന്ത്രത്താലെ
വിറ്റൊഴിവാക്കിയ
കണ്ടങ്ങള്‍

കാലത്തിന്റെ
വിതയുംകൊയ്ത്തും
പാറിമറഞ്ഞുദിനങ്ങളൊടുങ്ങി
കണ്ടമൊരുക്കിയ
മാപ്പിളമാരെ
മീസാന്‍കല്ലുകള്‍ മാടിവിളിച്ചു
ഖബറിന്‍കുഴിയില്‍
വഴിനീളങ്ങളില്‍
പദമൂന്നാതെ
ചെളിപറ്റാതെ...

അറബിക്കടലിന്നക്കരെനിന്നും
മുത്തുകള്‍      
വാരിയെടുത്തുമടങ്ങും
മൊഞ്ചുകളാര്‍ന്നൊരു
മണവാളന്‍മാര്‍
ബീരാന്‍കുന്നിലെ
മൊഞ്ചത്തികളുടെ
ഖല്‍ബിന്നുള്ളില്‍
കിനാവുകള്‍കെട്ടി.

ചേറായ്‌ചേറില്‍
തിമര്‍ത്തൊരുകുട്ട്യോള്‍
മരുഭൂമിക്കരതേടിയണഞ്ഞു
അത്തറുപൂശിയ
നിലാവുകളിലങ്ങനെ
അറബിക്കഥകള്‍
തൊങ്ങലുചാര്‍ത്തി
കൂരകളെല്ലാം
മായ്ച്ചുകളഞ്ഞാ
മണിമേടകളില്‍
പെയ്യാന്‍
മഴപേടിച്ചു.

പാടത്തപ്പോള്‍
വരിനെല്ലുമുളച്ചു
മെലിഞ്ഞുമെലിഞ്ഞ്
വരമ്പുകള്‍നേര്‍ത്തു
പൊള്ളപ്പുല്ലുകള്‍
തിന്നുകൊഴുത്ത്
തീന്‍മേശകളില്‍
പോത്തുപുളച്ചു
കാളകള്‍മെല്ലെ
നാടുകള്‍നീങ്ങി
വായ്ത്താരികളും
ഒച്ചയൊടുങ്ങി
തെങ്ങിന്നോലപച്ചയില്‍നിന്നും
വെള്ളക്കൊറ്റികള്‍പാറിമറഞ്ഞു.

വയലിന്‍വയറില്‍ 
ചെമ്മണ്ണുനിറഞ്ഞു
യന്ത്രപ്പാച്ചില്‍
ജീവനറുത്തു
സ്വന്തക്കാര്‍ 
ബന്ധുത്വത്തിനുളളില്‍
മതിലുകള്‍ശീഘ്രം
വിള്ളലൊരുക്കി

അദ്രാന്‍മാപ്പിള
ചോമുമാപ്പിള
അത്താറുമാപ്പിള
കലന്തര്‍മാപ്പിള...
വെട്ടിമുറിച്ചാപാടംകണ്ട്
മീസാന്‍കല്ലുകള്‍
മെല്ലെയനങ്ങി
ഖബറിനുള്ളില്‍
നിദ്രയുണര്‍ന്നു
കണ്ണിന്‍കയ്യുകള്‍
വാനിലുയര്‍ന്നാ -
നിസ്‌കാരത്തില്‍
വിയര്‍പ്പുപൊടിഞ്ഞു
ആകാശത്തിന്നാദിമവഴിയില്‍
നീളംപൊട്ടിയ
ദൈന്യമുയര്‍ന്നു
നിത്യത
ശാന്തിയിലാവാഹിച്ചാ-
മാപ്പിളമാരുടെ
ഖല്‍ബുവിളിച്ചു
യാ...അല്ലാഹ്!

*1 - ഭൂപരിഷ്‌ക്കരണ നിയമം

Contsnt Highlights : Beerankunnile Mappilakkandangal Poem by Balagopalan Kanhangad