പുതിയ വീട്ടിൽ പാർപ്പ് തുടങ്ങിയതും
ഉറക്കം എന്നെ കൈവിട്ടു.
കിടക്കേണ്ട താമസം വീട് എന്നെയുമേറ്റി
ഒരു കളിവഞ്ചിയായി ഒഴുകിനടക്കുന്നു.
കണ്ണടയ്ക്കുകയേ വേണ്ടൂ
അനേകം കൈകൾ ഒരുമിച്ച്
അടിച്ചലക്കുന്നതിന്റെ ഒച്ച
കാതിൽ വന്നലയ്ക്കുന്നു.

ഏതോ മഴക്കാലത്ത് മുങ്ങിപ്പോയ കുഞ്ഞുങ്ങൾ
മീനുകളോടൊപ്പം പൊങ്ങിവന്ന്
കാലിൽ ഇക്കിളിയിടുന്നു.

പെണ്ണുങ്ങൾ മാറിടം ഒളിപ്പിക്കാൻ
ഓളങ്ങളെ റൗക്കയാക്കുന്നു.

തോണിപ്പാട്ടിൽ ഞാൻ മുങ്ങുന്നു
നാവു നീട്ടിവരും ജലസർപ്പങ്ങളിൽ നിന്ന്
നീന്തിയകലാതെ കുഴയുന്നു
ആരോ വീത വലയിൽ പിടയും മീനായി
ആകാശം കാണുന്നു.

ഒടുവിലൊരുനാൾ
പനിച്ചുതുള്ളുന്ന പാതിരയ്ക്ക്
മരിച്ചുപോയ ഉമ്മാമ വന്ന്
അരയിൽ ഉറുക്ക് കെട്ടിത്തരുന്നതിനിടയിൽ പറഞ്ഞു:
-''ഒലിച്ച് പൂതികെടാത്ത
ഒരു പൊഴ നിന്നെടത്താണല്ലോ മോനേ
ഇപ്പോളത്തെ നെന്റെ മാളിക.''

Content Highlights :Badha Poem by Veerankutty